രത്തന്‍ ടാറ്റയ്ക്കൊപ്പമുള്ള ചെറുപ്പക്കാരന്‍, പലപ്പോഴും ചര്‍ച്ച ചെയ്തതാണ് ശാന്തനുവും രത്തന്‍ ടാറ്റയും തമ്മിലുള്ള ബന്ധം. ഒക്ടോബറില്‍ രത്തന്‍ ടാറ്റയുടെ മരണശേഷം വില്‍പത്രത്തിലും ശാന്തനുവിന് സ്ഥാനമുണ്ടായിരുന്നു. ശാന്തനുവിന്‍റെ വിദ്യാഭ്യാസ വായ്പ എഴുതി തള്ളാനും സ്റ്റാര്‍ട്ടപ്പായ ഗുഡ്ഫെല്ലോയിലെ ഓഹരി പങ്കാളിത്തം ഒഴിവാക്കാനുമായിരുന്നു തീരുമാനം. എവിടെയാണ് ശാന്തനു നായിഡു ഇപ്പോള്‍?
ശാന്തനു നായിഡു തന്‍റെ പുതിയ സംരംഭത്തിനൊപ്പമാണ്. സൈലന്‍റ് റീഡിങ് ഇനീഷ്യേറ്റീവായ ബുക്കീസിന്‍റെ പ്രവര്‍ത്തനങ്ങളിലാണ് ശാന്തനു നിലവില്‍. വ്യക്തികൾക്ക് പൊതുസ്ഥലങ്ങളിൽ ഒത്തുകൂടാനും നിശബ്ദമായി വായിക്കാനും രൂപകൽപ്പന ചെയ്ത കമ്മ്യൂണിറ്റിയാണ് ബുക്കീസ്. മുംബൈയില്‍ ആരംഭിച്ച കൂട്ടായ്മയ്ക്ക് പൂനെയിലും ബെംഗളൂരുവിലും ഇതിനോടകം വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടുത്ത ഘട്ടം ഡിസംബര്‍ എട്ടിന് ഞായറാഴ്ച ജയ്പൂരിൽ നടന്നു.
ഡല്‍ഹി, കൊല്‍ക്കത്ത, അഹമ്മദാബാദ്, സൂറത്ത് അടക്കമുള്ള നഗരങ്ങളിലേക്ക് പദ്ധതി വ്യപിക്കാന്‍ ശാന്തനുവിന് പദ്ധതിയുണ്ട്. കഴിഞ്ഞ മാസം ബെംഗളൂരുവില്‍ ബുക്കീസ് കൂട്ടായ്മ നടത്തിയിരുന്നു. 'വായന തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞാന്‍. മനുഷ്യാനുഭവങ്ങളിൽ വായനയ്ക്ക് വലിയ പ്രധാന്യമുണ്ട് എന്നാണ് നായിഡു ബെംഗളൂരുവിലെ ചടങ്ങില്‍ പറഞ്ഞത്.
ടാറ്റ എല്‍ക്‌സിയില്‍ ഓട്ടോമൊബൈല്‍ എന്‍ജിനിയറിയിരിക്കെയാണ് ശാന്തനു നായിഡുവും രത്തന്‍ ടാറ്റയും പരിചയത്തിലാകുന്നത്. അതിന് കാരണമായത് ഇരുവരുടെയും നായ സ്നേഹമാണ്. വാഹനങ്ങളുടെ അമിതവേഗത കാരണം നായകൾ അപകടത്തിൽപ്പെടുന്നത് പരിഹരിക്കാന്‍ റിഫ്ളക്റ്റീവ് കോളര്‍ എന്ന പദ്ധതി ശാന്തനു നായിഡു ആവിഷ്കരിച്ചു. വെളിച്ചമില്ലാത്ത കാരണം റോഡിൽ നായകളെ ഡ്രൈവർമാർ കാണാൻ ബുദ്ധിമുട്ട് നേരിടുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ഡ്രൈവർമാർക്ക് ദൂരെ നിന്ന് നായ്ക്കളെ കാണാനായിരുന്നു റിഫ്ളക്റ്റീവ് കോളര്‍. ഇതിന്‍റെ ആവശ്യത്തിന് രത്തന്‍ ടാറ്റയ്ക്ക് ശാന്തനു കത്തെഴുതി. അങ്ങനെയാണ് ആ ബന്ധം തുടങ്ങിയത്.
രത്തന്‍ ടാറ്റയുടെ മരണശേഷം ചടങ്ങുകളില്‍ ശാന്തനു നായിഡു ഉണ്ടായിരുന്നു. 'ഈ സൗഹൃദം എന്നില്‍ അവശേഷിപ്പിച്ച വിടവ് നികത്താന്‍ എന്‍റെ ജീവിതകാലം മുഴുവന്‍ വേണ്ടിവരും. സ്‌നേഹത്തിന് നല്‍കുന്ന വിലയാണ് ദുഃഖം. എന്‍റെ പ്രിയപ്പെട്ട വഴി വിളക്കിന് വിട' എന്നാണ് രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ ശാന്തനു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.