പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഭക്ഷണശാലകള്‍ക്ക് മുന്നില്‍ ഉടമയുടെ പേരും വിവരങ്ങളും പ്രദര്‍ശിപ്പിക്കണമെന്ന വിവാദ നിര്‍ദേശവുമായി ഹിമാചല്‍ സര്‍ക്കാര്‍. ഹിമാചല്‍ പ്രദേശിലെ പൊതുമരാമത്ത് –നഗര വികസന മന്ത്രാലയമാണ് ഈ നിര്‍ദേശം പുറത്തിറക്കിയത്. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് എല്ലാ ഭക്ഷണശാലകളിലും ഇത് പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്നാണ് വിശദീകരണം. ഉത്തര്‍പ്രദേശില്‍ കര്‍വാര്‍ തീര്‍ഥയാത്രയുടെ സമയത്ത് സമാനമായ നിര്‍ദേശം പുറത്തിറക്കിയത് വലിയ വിവാദത്തിന് വഴി തെളിച്ചിരുന്നു. 

യോഗി സര്‍ക്കാരിന്‍റെ മാതൃകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതെന്നാണ് നിലവില്‍ ഉയരുന്ന ആക്ഷേപം. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന നഗര വികസന മുനിസിപ്പല്‍ കോര്‍പറേഷന്‍ഷറേഷന്‍ യോഗത്തിലാണ് മന്ത്രി വിക്രമാദിത്യ സിങ് ഈ ഉത്തരവിറക്കിയത്. ഉത്തരവ് നടപ്പിലാക്കുന്നതിനായി രണ്ട് മന്ത്രിമാരുള്‍പ്പടെ ഏഴംഗ സമിതിക്കും രൂപം നല്‍കി. 

തീരുമാനത്തിന്‍റെ വിശദവിവരങ്ങള്‍ മന്ത്രി വിക്രമാദിത്യ സിങ് ഫെയ്സ്ബുക്കിലൂടെയും പങ്കുവച്ചു. 'ഹിമാചലിലും എല്ലാ ഭക്ഷണശാലകള്‍ക്ക് മുന്നിലും തട്ടുകടകള്‍ക്ക് മുന്നിലും ഉടമയുടെ പേരുവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം കൊണ്ടുവരികയാണ്. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവാതിരിക്കാനാണ് ഈ നടപടി. ഇത് സംബന്ധിച്ച ഉത്തരവ് നഗര വികസന– മുനിസിപ്പല്‍ കോര്‍പറേഷന്‍ യോഗത്തില്‍ പാസാക്കി. ജയ് ശ്രീറാം' എന്നാണ് കുറിപ്പ്. 

ആറ് തവണ ഹിമാചല്‍ മുഖ്യമന്ത്രിയായിരുന്ന വീരഭദ്ര സിങിന്‍റെ മകനാണ് വിക്രമാദിത്യ. പ്രതിഷേധങ്ങളെ കണക്കിലെടുക്കുന്നില്ലെന്നും തീരുമാനത്തിന് വര്‍ഗീയ മാനങ്ങളില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഹിന്ദു ആയാലും മുസ്​ലിം ആയാലും സിഖോ, ക്രിസ്ത്യനോ ആരായാലും നിയമം പാലിക്കണമെന്നും ഹൈക്കോടതി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്‍ജൗലി മോസ്കിന് സമീപം കഴിഞ്ഞ ദിവസം വ്യാപാരികള്‍ തമ്മിലുണ്ടായ തര്‍ക്കം ഈ ചട്ടം നേരത്തെ ഉണ്ടായിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്നുവെന്നും  ഈ വര്‍ഷം ഡിസംബറോടെ തെരുവ് കച്ചവടക്കാര്‍ക്ക് ലൈസന്‍സും ഐഡി കാര്‍ഡുകളുമേര്‍പ്പെടുത്തുന്ന നയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 

ENGLISH SUMMARY:

The Himachal Pradesh government has issued an order to display the names of Owners outside eateries and food stalls.