Aurangabad: People mourn after their family members drowned while taking holy dips in a river during the 'Jivitputrika' festival on Wednesday, in Aurangabad district of Bihar, Thursday, Sept. 26, 2024. (PTI Photo)

TOPICS COVERED

ബിഹാറില്‍ ‘ജിവിത്പുത്രിക’ ഉല്‍സവത്തിനിടെ മുങ്ങി മരിച്ചവരുടെ എണ്ണം 46 ആയി. ഇതില്‍ 37 പേര്‍ കുട്ടികളാണ്. ബുധനാഴ്ചയാണ് സംഭവം. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നദികളിലും കുളങ്ങളിലുമായി ഉല്‍സവത്തിന്‍റെ ഭാഗമായുള്ള പുണ്യസ്നാനത്തിനിടെയാണ് അപകടങ്ങളുണ്ടായത്. തുടർച്ചയായ മഴയെ തുടർന്ന് സംസ്ഥാനത്ത് നദികളും തടാകങ്ങളും കരകവിഞ്ഞൊഴുകുകയാണ്.

ഇതുവരെ 46 പേരുടെ മൃതദേഹമാണ് കണ്ടെടുത്തിട്ടുള്ളത്. കാണാതായ കൂടുതല്‍പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് ദുരന്തനിവാരണവകുപ്പ് അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മരിച്ച 20 പേരുടെ കുടുംബാംഗങ്ങൾക്ക് ഇതിനകം നഷ്ടപരിഹാരം ലഭിച്ചതായും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

കിഴക്ക്– പടിഞ്ഞാറന്‍ ചമ്പാരന്‍, നളന്ദ, ഔറംഗബാദ്, കൈമൂര്‍, ബക്സര്‍, സിവാന്‍, റോഹിതാസ്, സരണ്‍, പട്ന, വൈശാലി, മുസാഫര്‍പൂര്‍, സമസ്തിപൂര്‍, ഗോപാല്‍ഗഞ്ച്, അര്‍വാര്‍ എന്നീ ജില്ലകളിലാണ് മുങ്ങിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഔറംഗബാദിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ 10 കുട്ടികൾ മുങ്ങി മരിച്ചതായി അധികൃതർ അറിയിച്ചു.

ഉല്‍സവ വേളയിൽ പുഴകളിലും കുളങ്ങളിലും സ്നാനത്തിനായെത്തുന്ന ആളുകള്‍ക്കായി ആവശ്യമായ ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം ഒരുക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ക്രമീകരണങ്ങളില്ലാത്ത പ്രാദേശിക ഘട്ടുകളില്‍ ആളുകള്‍ കുളിക്കാനിറങ്ങിയതാണ് അപകട കാരണം എന്നാണ് ഔറംഗബാദ് ജില്ലാ മജിസ്‌ട്രേറ്റ് ശ്രീകാന്ത് ശാസ്ത്രി പറഞ്ഞത്. ജില്ലാ ഭരണകൂടം സജ്ജമാക്കുന്ന ഇടങ്ങള്‍ മാത്രം സന്ദര്‍ശിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം. 

സ്ത്രീകൾ തങ്ങളുടെ കുട്ടികളുടെ ക്ഷേമത്തിനായി ഉപവസിക്കുകയും പുണ്യസ്നാനം നടത്തുകയും ചെയ്യുന്ന മൂന്ന് ദിവസത്തെ ഉല്‍സവമാണ് 'ജിവിത്പുത്രിക' ഉല്‍സവം.

ENGLISH SUMMARY:

In Bihar, the number of people who drowned during the 'Jivitputrika' festival reached 46. 37 of them are children. The incident happened on Wednesday. The accidents took place during holy bathing in rivers and ponds in various districts of the state as part of the festival. Due to continuous rains, rivers and lakes are overflowing in the state.