മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ ബസ് മറിഞ്ഞ് ഒന്‍പതുപേര്‍ മരിച്ചു. 25 പേര്‍ക്ക് പരുക്കേറ്റു. 36 യാത്രക്കാരുമായി ഭണ്ഡാരയില്‍ നിന്ന് ഗോണ്ടിയയിലേക്ക് പോയ ബസാണ് ദവ്വായില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തില്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപയുടെ അടിയന്തരസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികില്‍സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കെയര്‍ടേക്കര്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും അറിയിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് മരിച്ചവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50000 രൂപ വീതവും നല്‍കും.
സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര വിദഗ്ധ ചികില്‍സ ലഭ്യമാകുന്നില്ലെങ്കില്‍ പരുക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റാനും ഷിന്‍ഡേ ഗോണ്ടിയ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഗുരുതര പരുക്കുള്ള ചിലരെ ഇതിനകം നാഗ്പൂരിലേക്ക് മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു.