Image Credit: Twitter

റീല്‍ ഷൂട്ട് ചെയ്ത് വൈറലാകാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിയോടിച്ചു. ഹരിയാനയിലാണ് സംഭവം.  ഹരിയാനയിലെ തിരക്കേറിയ ഒരു തെരുവില്‍ ബ്രാ ധരിച്ചെത്തി റീല്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച യുവാവിനെയാണ് നാട്ടുകാര്‍ മര്‍ദനത്തിനിരയാക്കി പറഞ്ഞയച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പാനിപ്പത്ത് നഗരത്തിലെ ഇന്‍സാർ മാര്‍ക്കറ്റിന് സമീപമാണ് സംഭവമെന്ന് വിഡിയോ പങ്കുവച്ച ഒരു എക്സ് ഉപഭോക്താവ് കുറിച്ചു.

വലിയൊരു ആള്‍ക്കൂട്ടത്തിന് നടുവില്‍ ബ്രാ ധരിച്ച് നില്‍ക്കുന്ന യുവാവിനെയാണ് വിഡിയോയില്‍ കാണുന്നത്. യുവാവ് എന്തോ പറയാന്‍ ശ്രമിക്കുമ്പോള്‍ നാട്ടുകാരില്‍ ചിലര്‍ കയ്യേറ്റം ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബ്രാ ധരിച്ചെത്തിയ യുവാവ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് സ്ത്രീകള്‍ നോക്കിനില്‍ക്കെ നൃത്തം ചെയ്യുകയായിരുന്നെന്നും ഇത് സ്ത്രീകളില്‍ അസ്വസ്ഥത ഉണ്ടാക്കിയെന്നും നാട്ടുകാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ഇത്തരത്തില്‍ റീല്‍ ഷൂട്ട് ചെയ്യുന്നത് നിര്‍ത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും കേള്‍ക്കാന്‍ യുവാവ് തയ്യാറായില്ല. റീല്‍ ചിത്രീകരണം തുടര്‍ന്നതോടെയാണ് സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. നാട്ടുകാര്‍ തല്ലാന്‍ തുടങ്ങിയതോടെ യുവാവ് കൈകള്‍ കൂപ്പി മാപ്പുപറഞ്ഞെങ്കിലും വെറുതെ വിടാന്‍ നാട്ടുകാര്‍ തയ്യാറായില്ല. യുവാവിനെ പൊതിരെ തല്ലിയ ശേഷമാണ് നാട്ടുകാര്‍ വെറുതെ വിട്ടത്.