അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ ഭുവനഗിരിയിലാണ് സംഭവം. ഹൈദരാബാദില്‍ നിന്നും പൊച്ചംപള്ളിയിലേക്ക് യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാറാണ് പുലര്‍ച്ചെയോടെ അപകടത്തില്‍പ്പെട്ടത്. വംശി(23), ദിഗ്നേഷ് (21) ഹര്‍ഷ (21) ബാലു (19) വിനയ് (21) എന്നിവരാണ് മരിച്ചത്. മണികാന്ത് (21) എന്ന യുവാവിനാണ് പരുക്കേറ്റത്.
യുവാക്കള്‍ സഞ്ചരിച്ച കാര്‍ അമിതവേഗതയിലായിരുന്നുവെന്നും റോഡില്‍ നിന്ന് തെന്നിമാറി നേരെ പുഴയിലേക്ക് പതിച്ചുവെന്നുമാണ് ദൃക്സാക്ഷിയുടെ മൊഴി. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കും. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ട എല്ലാവരുമെന്നും പൊലീസ് വ്യക്തമാക്കി.
നാട്ടുകാരുടെ സഹായത്തോടെയാണ് കാര്‍ പുഴയില്‍ നിന്നും കരയ്ക്കെത്തിച്ചത്. പൊച്ചംപള്ളിയിലെത്തി മദ്യപിച്ച് മടങ്ങാനായി എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടതെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. കാര്‍ ഡ്രൈവറുള്‍പ്പടെ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്നും അപകടത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.