വല്ലാത്തൊരു പെരുങ്കള്ളന്‍ തന്നെ. ‘മേരിക്കുണ്ടൊരു കുഞ്ഞാട് ’എന്ന ചിത്രത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍വന്നുകയറുന്ന മൂത്തമകനെ ഓര്‍മയില്ലേ...ആ കഥ ഓര്‍മിപ്പിക്കുന്ന തരത്തിലൊരു പാന്‍ ഇന്ത്യന്‍ പെരുങ്കള്ളന്‍ അറസ്റ്റിലായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ക്രിമിനല്‍ ബുദ്ധിയില്‍ തട്ടിപ്പു നടത്തിയത് ആറു സംസ്ഥാനങ്ങളില്‍ എന്നു പറയുമ്പോള്‍ അതൊരു പാന്‍ ഇന്ത്യന്‍ പെരുങ്കള്ളന്‍ തന്നെ.
കാണാതായ മകനെന്ന് ആറു സംസ്ഥാനങ്ങളിലെ 9 കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഒപ്പം ജീവിച്ച ശേഷം മോഷണം നടത്തി മുങ്ങിയ രാജസ്ഥാന്‍ സ്വദേശി ഇന്ദ്രരാജ് റാവത്തിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, യുപി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലുള്ള കുടുംബങ്ങളെയാണ് കഴിഞ്ഞ 19 വര്‍ഷമായി റാവത്ത് കബളിപ്പിച്ചത്.
കഴിഞ്ഞ മാസം 24ന് രാജു എന്ന പേരില്‍ ഇയാള്‍ ഖോണ്ഢ പൊലീസ് സ്റ്റേഷനിലെത്തി. 31 വര്‍ഷം മുന്‍പ് മൂന്നുപേര്‍ തട്ടിക്കൊണ്ടുപോയ കുട്ടിയാണ് താന്‍ എന്നാണ് സ്റ്റേഷനില്‍ സ്വയം പരിചയപ്പെടുത്തിയത്. പിന്നാലെ മകനെ കാണാതായ ഒരു കുടുംബം പൊലീസ് സഹായത്തോടെ റാവത്തിനെ ഏറ്റെടുത്തു. എന്നാല്‍ റാവത്തിന്റെ മൊഴികളില്‍ സര്‍വത്ര പൊരുത്തക്കേട് തോന്നിയ പൊലീസ് രാജുവിനെ വിശദമായി ചോദ്യം ചെയ്തു. പിന്നാലെ പൊലീസ്ബുദ്ധിയില്‍ അന്വേഷണവും നടത്തി.
ഈ അന്വേഷണത്തിലാണ് രാജുവിന്റെ പാന്‍ഇന്ത്യന്‍ തട്ടിപ്പ് വെളിച്ചത്തായത്. മോഷണം പതിവാക്കിയതോടെ 2005ല്‍ കുടുംബം ഇയാളെ പുറത്താക്കിയിരുന്നു. പിന്നീട് മകനെ നഷ്ടമായ വീടുകള്‍ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ നടപ്പ്. ഇല്ലാക്കഥകളും വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥകളും പറഞ്ഞ് കുടുംബങ്ങളെ വശത്താക്കി കൂടെക്കൂടി. ഈ വീടുകളില്‍ നിന്നും മോഷണം പതിവാക്കിയ പ്രതി പിടികൂടപ്പെടുമെന്ന് ഉറപ്പാകുമ്പോള്‍ മുങ്ങും. കൂടുതല്‍ കുടുംബങ്ങള്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.