തനിച്ച് 'നടക്കാന്‍' പോയ ഭാര്യയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച് യുവാവ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 31കാരനായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് 2019 മുതല്‍ ക്രിമിനല്‍ കുറ്റമാണ്.
ചൊവ്വാഴ്ച രാവിലെയോടെ തന്‍റെ മകളുടെ ഭര്‍ത്താവ് ഫോണില്‍ വിളിച്ചുവെന്നും മുത്തലാഖ് വഴി വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന് അറിയിച്ചുവെന്നും 25കാരിയായ യുവതിയുടെ പിതാവ് പറയുന്നു. പിന്നാലെ യുവതി പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവിനെതിരെ പരാതി നല്‍കി. ഭാരതീയ ന്യായ സംഹിതയനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് യുവാവിനെതിരെ കേസെടുത്തത്.
കഴിഞ്ഞ ദിവസം മുറാദാബാദിലും മുത്തലാഖ് കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭലിലെ പൊലീസ് നടപടിയെ പിന്തുണച്ചതിനാണ് ഭര്‍ത്താവ് ബന്ധം വേര്‍പെടുത്തിയത്. സംഭലില്‍ നിന്നുള്ള വിഡിയോ മൊബൈല്‍ ഫോണില്‍ കണ്ടുകൊണ്ടിരിക്കെ, പൊലീസ് നടപടിയെ പിന്തുണച്ച് യുവതി സംസാരിച്ചിരുന്നു. ഇതോടെ വിഡിയോ കാണുന്നത് നിര്‍ത്താന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടെന്നും യുവതി അതിന് തയ്യാറാവാതെ വന്നതോടെ മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
സൈബര്‍ തട്ടിപ്പിനിരയായി ഒന്നര ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തിയ ഒഡീഷ സ്വദേശിയെ കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഒഴിവാക്കിയതും വിവാദമായിരുന്നു. 32കാരിയായ യുവതിയെ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.