രാജസ്ഥാനിൽ കഴിഞ്ഞ ആറ് ദിവസമായി കുഴൽക്കിണറിൽ കുടുങ്ങിക്കിടക്കുന്ന ചേതനയെന്ന മൂന്ന് വയസുകാരിക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇതിനിടെ സങ്കടം സഹിക്കവയ്യാതെ കുട്ടിയുടെ അമ്മയും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. ‘ആറ് ദിവസമായി... എന്‍റെ മകൾക്ക് വിശക്കുന്നുണ്ടാവും, ദാഹിക്കുന്നുണ്ടാകും. അവള്‍ കളക്ടർ മാഡത്തിന്‍റെ കുട്ടിയാണെങ്കിൽ ഇത്രയും ദിവസം അവള്‍ അവിടെ കുടുങ്ങിക്കിടക്കുമായിരുന്നോ?’ കുട്ടിയുടെ മാതാവ് ധോളി ദേവി ചോദിക്കുന്നു.
അതേസമയം, കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ജില്ലാ കളക്ടർ കൽപ്പന അഗർവാൾ പറഞ്ഞു. മഴ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തുന്നുണ്ട്. നിലവില്‍ സമാന്തരമായി തുരങ്കം നിര്‍മിച്ച് കുട്ടിയിലേക്ക് എത്താനാണ് ശ്രമിക്കുന്നത്. കുട്ടിയുടെ ചലനങ്ങള്‍ ക്യാമറകൾ വഴി നിരീക്ഷിക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തകർക്ക് ആവശ്യമായ ഉപകരണങ്ങൾ എത്തിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. സാധ്യമായ എല്ലാ സാങ്കേതിക വിദ്യകളും സർക്കാർ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.
ഡിസംബർ 23 നാണ് രാജസ്ഥാനിലെ കോട്പുത്ലി ജില്ലയില്‍ പിതാവിൻ്റെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെ മൂന്ന് വയസുകാരി 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീഴുന്നത്. ആദ്യം കയറുപയോഗിച്ച് പെൺകുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഈ ശ്രമങ്ങൾ വിജയിച്ചില്ല. രണ്ടുദിവസത്തെ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സമാന്തരമായി കുഴിയെടുക്കാൻ ബുധനാഴ്ച പൈലിങ് യന്ത്രം എത്തിച്ചത്. മഴയെത്തുടർന്ന് വെള്ളിയാഴ്ച രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചെങ്കിലും ശനിയാഴ്ചയോടെ രണ്ടംഗ എൻഡിആർഎഫ് സംഘം തുരങ്കം നിര്‍മിക്കാന്‍ ആരംഭിച്ചിരുന്നു.
അതേസമയം, മധ്യപ്രദേശ് ഗുണയില്‍ കുഴല്‍കിണറില്‍ വീണ പത്തുവയസ്സുകാരന്‍ മരിച്ചു. 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.