കൊല്ലം പാരിപ്പള്ളിയില്‍ നാലുവയസുകാരി മരിച്ചത് ന്യുമോണിയയും മസ്തിഷ്ക ജ്വരവും മൂലമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കാലില്‍ അടിയേറ്റ പാടുകളുണ്ടെങ്കിലും അത് മരണകാരണമല്ലെന്നും നിഗമനം. ചികില്‍സ വൈകിപ്പിച്ചതിന് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു.
വര്‍ക്കല ചാവടിമുക്ക് മുട്ടപ്പലം ദീപുവിന്റെ മകള്‍ ദിയ ആണ് മരിച്ചത്. രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ ദിയയെ പാരിപ്പള്ളി ഇഎസ് ഐ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ശരീരത്തില്‍ പാടുകള്‍ കണ്ട ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് അകമ്പടിയോടെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്ത കുട്ടിയുടെ നില കഴക്കൂട്ടമെത്തിയപ്പോഴേക്കും വഷളായി. തുടര്‍ന്ന് സി എസ് ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല. കുട്ടിയെ നഴ്സായ അമ്മ മര്‍ദിച്ചതായി അച്ഛന്റെ സഹോദരിമാരുള്‍പ്പെടെ മൊഴിനല്കിയതോടെ ദുരൂഹത ഉയര്‍ന്നു. എന്നാല്‍ മരണകാരണം മര്‍ദനമല്ലെന്നാണ് പൊസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍.
കുട്ടിയ്ക്ക് ചികില്‍സ വൈകിപ്പിച്ചതിന് അമ്മയ്ക്കും അച്ഛനുമെതിരെ ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരം കേസെടുത്തു. മാതാപിതാക്കളെ ചോദ്യംചെയ്ത ശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക.