bus-accident

പാലക്കാട് കുഴല്‍മന്ദത്ത് ദേശീയപാതയില്‍ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സര്‍വീസില്‍ നിന്ന് ഒഴിവാക്കുമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയതായി യുവാക്കളുടെ ബന്ധുക്കള്‍. നരഹത്യക്ക് കേസെടുത്തപ്പോള്‍ കെഎസ്ആര്‍ടിസി എംഡി മനുഷ്യാവകാശ കമ്മിഷനെയും ഇക്കാര്യം അറിയിച്ചിരുന്നതാണ്. അപകടദിവസം പാലക്കാട് നിന്ന് പുറപ്പെടുന്നതിന് ഒരു മിനിറ്റ് മുന്‍പ് പതിനഞ്ച് കിലോമീറ്ററിനപ്പുറം ബസ് അപകടത്തില്‍പ്പെട്ടതായുള്ള രേഖയും സംശയം കൂട്ടുന്നതായി യുവാക്കളുടെ കുടുംബം. 

ലോറി അപകടമെന്ന് ആദ്യം കരുതി. മനോരമ ന്യൂസ് പുറത്ത് വിട്ട ദൃശ്യങ്ങള്‍ക്ക് പിന്നാലെയാണ് കെഎസ്ആര്‍ടിസി ഇടിച്ചുള്ള മരണമെന്ന് വ്യക്തമായത്. ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത പൊലീസ് നടപടി വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ദൃശ്യങ്ങള്‍ കാണുമ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബോധപൂര്‍വമാണോ അപകടമുണ്ടാക്കിയത് എന്ന സംശയം തോന്നുന്നതായി മനുഷ്യാവകാശ കമ്മിഷനും വിലയിരുത്തി. ഡ്രൈവര്‍ സി.എല്‍.ഔസേപ്പിനെതിരെ പിന്നീട് നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കെഎസ്ആര്‍ടിസി നടപടി സസ്പെന്‍ഷനില്‍ ഒതുങ്ങി. 

ഇതിനിടയിലാണ് അപകടത്തിനിടയാക്കിയ ബസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പുറത്തായത്. രേഖകളില്‍ ബസിന് വടക്ക‍ഞ്ചേരി എരുമേലി സര്‍വീസാണ്. എന്നാല്‍ ബസ് പാലക്കാടെത്തി ആളെക്കയറ്റി തിരികെ വടക്കഞ്ചേരിയിലേക്ക് മടങ്ങുന്നത് രേഖയിലില്ല. ജേര്‍ണി ബില്ലില്‍ 9.05 നാണ് ബസ് പാലക്കാട് നിന്ന് പുറപ്പെട്ടത്. ഇതേ ബസ് പതിനഞ്ച് കിലോമീറ്ററിനപ്പുറമുള്ള വെള്ളപ്പാറയില്‍ 09.04 ന് അപകടത്തില്‍പ്പെട്ടതായും തെളിഞ്ഞു. ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്നതിന് ഒരു മിനിറ്റ് മുന്‍പ് അപകടമുണ്ടാെയന്ന് രേഖകള്‍ പറയുമ്പോള്‍ കൂടുതല്‍ പിഴവെന്ന സംശയമാണ് ബലപ്പെടുന്നത്. പൊലീസ് നരഹത്യയ്ക്ക് കേസെടുത്താല്‍ ഡ്രൈവറെ സര്‍വീസില്‍ നിന്നും ഒഴിവാക്കുമെന്നായിരുന്നു ഗതാഗതമന്ത്രിയും കെഎസ്ആര്‍ടിസി എംഡിയും മരിച്ച യുവാക്കളുടെ ബന്ധുക്കള്‍ക്ക് നല്‍കിയ ഉറപ്പ്. ഇരുവരും നിലപാട് മാറ്റിയെന്നും കുടുംബം പറയുന്നു. ഫെബ്രുവരി ഏഴിന് രാത്രിയിലാണ് ആദര്‍ശ് മോഹനും, സബിതും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഇരുവരും മരിച്ചത്.