governor-crpf-security

കേന്ദ്രസേന ഏറ്റെടുക്കുക ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വ്യക്തിഗത സുരക്ഷ. രാജ്ഭവനുള്ളില്‍ യാത്രയില്‍ ഗവര്‍ണറുടെ മുന്നിലും പിന്നിലും സി.ആര്‍.പി.എഫ് അണിനിരക്കും. എന്നാല്‍ ഗവര്‍ണറുടെ യാത്രാറൂട്ട് നിശ്ചയിക്കല്‍ ഉള്‍പ്പടെ മറ്റ് സുരക്ഷാമേല്‍നോട്ടമെല്ലാം കേരള പൊലീസ് നിര്‍വഹിക്കും. കേന്ദ്രസേനയുടെ ചെലവ് ആരുവഹിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല.

 

എസ്.എഫ്.ഐയുടെ പ്രതിഷേധത്തില്‍ പിണങ്ങി കേന്ദ്രത്തോട് പരാതി പറഞ്ഞ ഗവര്‍ണര്‍ക്ക് ഇനി കേരള പൊലീസും സി.ആര്‍.പി.എഫും സംയുക്തമായാണ് കാവലൊരുക്കുന്നത്. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനുള്ളില്‍ സി.ആര്‍.പി.എഫ് അണിനിരക്കും. ഇതോടെ രാജ്ഭവനുള്ളിലെ പൊലീസിന്‍റെ കമാന്‍ഡോകളെ തിരിച്ചുവിളിക്കും. പക്ഷേ പ്രവേശന കവാടത്തിലെ കാവലും രാജ്ഭവനിലേക്കുള്ള സന്ദര്‍ശകരുടെ നിരീക്ഷണവുമെല്ലാം കേരള പൊലീസിന്‍റെ ചുമതലയായി തുടരും. യാത്രയില്‍ ഗവര്‍ണറുടെ വാഹനത്തിന്‍റെ മുന്നിലും പിന്നിലും സി.ആര്‍.പി.എഫ് സഞ്ചരിക്കും. ആരെങ്കിലും വാഹനം തടഞ്ഞിടുകയോ വാഹനത്തിലേക്ക് പാഞ്ഞടുക്കുകയോ ചെയ്താല്‍ അവരെ തടയലും ഗവര്‍ണറെ സുരക്ഷിതമാക്കലും സി.ആര്‍.പി.എഫ് കൈകാര്യം ചെയ്യും. 

 

നിലവില്‍ ആംബുലന്‍സും ഫയര്‍ഫോഴ്സും അടക്കം പൊലീസിന്റെ 8 വാഹനങ്ങള്‍ ഗവര്‍ണര്‍ക്ക് അകമ്പടിയായി പോകുന്നുണ്ട്. അതെല്ലാം അതേപടി തുടരും. യാത്രയുടെ റൂട്ട് നിശ്ചയിക്കലും പൊലീസ് തന്നെയായിരിക്കും. വേദികളില്‍ ഗവര്‍ണറുടെ ഏറ്റവും അടുത്ത് കാവല്‍ നില്‍ക്കുന്നതും സി.ആര്‍.പി.എഫായിരിക്കും. വേദിയുടെ പരിസരത്ത് ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പൊലീസും തുടരും. പൊലീസിന്‍റെയും സി.ആര്‍.പി.എഫിന്‍റെയും ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായത്. 40 അംഗ സി.ആര്‍.പി.എഫ് സംഘമായിരിക്കും സുരക്ഷക്കുള്ളത്. ഇവരുടെ ചെലവ് ആര് വഹിക്കുമെന്നതില്‍ അടുത്ത ആലോചനയോഗത്തിലേ തീരുമാനമാകൂ. അതേസമയം ഗവര്‍ണര്‍ സംസ്ഥാനത്തിന് അനാവശ്യ ചെലവ് വര്‍ധിപ്പിക്കുകയാണെന്ന് സി.പി.ഐ കുറ്റപ്പെടുത്തി.

 

CRPF to take over personal security of Governor Arif Muhammad Khan.