കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് നാട് കണ്ണീരോടെ വിട നൽകി. കുറ്റപ്പുഴ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിനോട് ചേർന്നൊരുക്കിയ കബറിടത്തിൽ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു കബറടക്കം. ആയിരക്കണക്കിന് വിശ്വാസികളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക ബഹുമതിയായി പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.

അശരണരുടെ കൈത്താങ്ങ്, മനുഷ്യനെയും പ്രകൃതിയെയും ഒരുപോലെ ചേർത്ത് പിടിച്ചയാൾ, ശബ്ദത്തിലൂടെയുള്ള വെളിച്ചം, ബിലീവേഴ്സ് സഭാ നാഥൻ. വിശേഷണങ്ങൾ ബാക്കിയാക്കിയാണ് മാർ അത്തനേഷ്യസ് യോഹാൻ മടങ്ങുന്നത്. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന പൊതുദർശനത്തിൽ സമൂഹത്തിന്റെ നാനാ തുറകളിലുള്ള ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.

പൊതുദർശനത്തിനുശേഷം ഭൗതീകദേഹം  കുറ്റപ്പുഴ സെൻറ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. കുടുംബാംഗങ്ങളും വൈദീകരും  സഭാവിശ്വാസികളും അന്ത്യയാത്രയിൽ അനുഗമിച്ചു. ചെന്നൈ ഭദ്രാസനാധിപൻ സാമുവേൽ മാർ തിയൊഫിലോസിന്റെ നേതൃത്വത്തിലായിരുന്നു അവസാനഘട്ട സംസ്കാര ശുശ്രൂഷ. ചടങ്ങുകൾക്കൊടുവിൽ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട മണ്ണിൽ എന്നന്നേക്കുമായി പൂർണവിശ്രമം.

ENGLISH SUMMARY:

Funeral of Believers Church Metropolitan Athanasius Yohan held in Thiruvalla