തൃശൂര്‍ മുല്ലശേരി പഞ്ചായത്തില്‍ അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേര്‍ അവയവദാന കെണിയില്‍ വീണു. ഏജന്റുമാരുടെ വാക്കു വിശ്വസിച്ചാണ് അവയവദാനം നടത്തിയത്. ഏജന്റുമാരെ തുരത്താന്‍ സമഗ്ര അന്വേഷണം വേണമെന്ന് സാന്ത്വനം സംഘടന ആവശ്യപ്പെട്ടു.
തൃശൂര്‍ മുല്ലശേരി സ്വദേശിനിയായ വീട്ടമ്മയാണിത്. ധനകാര്യ സ്ഥാപനത്തില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി. ജപ്തി ഭീഷണി നേരിട്ടതോടെ പെട്ടെന്ന് പണം കണ്ടെത്താനാണ് വൃക്കദാനം ചെയ്തത്. ഈ സ്ത്രീയെപ്പോലെ ഏഴു പേര്‍ മുല്ലശേരി പഞ്ചായത്തില്‍ നിന്ന് അവയവങ്ങള്‍ ദാനം ചെയ്തു. നിര്‍ധന കുടുംബാംഗങ്ങളാണ് ഇവര്‍. ദാരിദ്രം ചൂഷണം ചെയ്താണ് അവയവദാനക്കെണിയിലേക്ക് ഇവരെ ഏജന്റുമാര്‍ വീഴ്ത്തുന്നത്. ഏജന്റുമാര്‍ കൊയ്യുന്നത്് വലിയ തുകയാണ്. ഏജന്റുമാരായ സ്ത്രീകളുമുണ്ടെന്ന് ഇതേക്കുറിച്ച് അന്വേഷണം നടത്തിയ ജീവകാരുണ്യ സംഘടന സാന്ത്വനം ഭാരവാഹികള്‍ പറയുന്നു.
തൃശൂരിന്റെ തീരമേഖലയില്‍ ഏജന്റുമാര്‍ വിലസുകയാമെന്ന് ജനപ്രതിനിധികളും പറയുന്നു. സ്വന്തം സമ്മതപ്രകാരം ആളുകള്‍ അവയവദാനം നടത്തുന്നത്. പണം വാങ്ങി അവയവം ദാനം ചെയ്താല്‍ ഇവരും ഏജന്റുമാരും കേസില്‍ പ്രതികളാകും. അതുക്കൊണ്ടുതന്നെ, അവയവദാനം നടത്തിയവര്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറല്ല.