ട്രെയിന്‍ യാത്രക്കാരെ ആശങ്കയിലാക്കി രാജ്യവ്യാപകമായി ലോക്കോ പൈലറ്റുമാർ സമരത്തിലേയ്ക്ക്. ജൂൺ ഒന്നാം തീയതി മുതൽ 10 മണിക്കൂർ ജോലി കഴിഞ്ഞാൽ ഡ്യൂട്ടി അവസാനിപ്പിക്കും. ആറ് ദിവസം ജോലി ചെയ്താൽ 46 മണിക്കൂർ വിശ്രമം വേണമെന്നും ആവശ്യപ്പെട്ടാണ് സമര നീക്കം.
1973 ൽ തന്നെ പാർലമെൻറ് പാസാക്കിയതാണ് 10 മണിക്കൂർ ഡ്യൂട്ടി സമയമെന്ന് ലോക്കോ പൈലറ്റുമാർ പറയുന്നു. എന്നാലിപ്പോൾ 14 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യാൻ നിർബന്ധിക്കുന്നു. ഇത് അപകടങ്ങൾ വിളിച്ചു വരുത്തുമെന്നും മാറ്റം വേണമെന്നുമാണ് ആവശ്യം.നിലവിൽ ആറ് ദിവസം ജോലി കഴിഞ്ഞാൽ 30 മണിക്കൂറാണ് പ്രതിവാര വിശ്രമ സമയം. ഇത് 46 മണിക്കൂർ ആയി ഉയർത്തണമെന്നാണാവശ്യം. ലോക്കോ പൈലറ്റുമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ റയിൽവേ തന്നെ നിയോഗിച്ച ഹൈപവർ കമ്മിറ്റി 46 മണിക്കൂർ വിശ്രമം ശുപാർശ ചെയ്തതും ലോക്കോ പൈലറ്റുമാർ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി രണ്ട് നൈറ്റിനു ശേഷം വിശ്രമം വേണമെന്നും 48 മണിക്കൂർ ഡ്യൂട്ടിക്ക് ശേഷം ബേസ് ഡിപ്പോയിൽ തിരികെ എത്തിക്കണമെന്നും ആവശ്യമുന്നയിക്കുന്നു.
10 മണിക്കൂർ ഡ്യൂട്ടിക്കും 2 നൈറ്റിനും ശേഷം ബാക്കി സമയം ജോലിക്ക് കയറില്ലെന്നുമാണ് നിലപാട്. ജോലിയിൽ നിന്നു വിട്ടു നിൽക്കില്ലെങ്കിലും ചട്ടപ്പടി ജോലി ചെയ്യുന്നതോടെ ട്രെയിൻ ഗതാഗതം തടസപ്പെടുമെന്നാണ് ആശങ്ക.