മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കുന്നു. മൂന്നുലക്ഷത്തിലധികം കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് മാത്രമെത്തുന്നത്. സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്‍സവ ഗാനത്തിന് കുട്ടികള്‍ തയാറാക്കിയ ദൃശ്യാവിഷ്ക്കാരം തന്നെയാകും പ്രധാന ആകര്‍ഷണം. ഈ അധ്യയനവര്‍ഷം 40 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് സ്കൂളുകളിലേക്കെത്തുന്നത്.
പ്രീ പ്രൈമറി തലത്തില്‍ 1,34763 കുട്ടികളും പ്രൈമറി തലത്തില്‍ 11,59,652 കുട്ടികളും ഇന്ന് സ്കൂളുകളിലെത്തും. ഹൈസ്കൂള്‍ തലത്തില്‍ 12,09,882 കുട്ടികളാണ് എത്തുന്നത്. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ആരംഭിച്ചു. ക്ലാസുകള്‍ 24ന് തുടങ്ങും. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിച്ച് ഘോഷയാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുക്കിയ പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായി വരുന്നു. ഒമ്പത് ലക്ഷത്തോളം വിദ്യാർഥികൾക്കുള്ള സൗജന്യ സ്‌കൂൾ യൂണിഫോമിന്റെ വിതരണവും അന്തിമ ഘട്ടത്തിലാണ്.