കുവൈത്തിലെ മംഗഫില്‍ തൊഴിലാളികളുടെ താമസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചത് 24 മലയാളികളെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. മരിച്ച മലയാളികളില്‍ 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തീപിടിത്തത്തില്‍ മരിച്ച 49 പേരില്‍ 43 ഉം ഇന്ത്യക്കാരാണെന്നും അന്‍പത് പേര്‍ക്ക് പരുക്കേറ്റുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അപകടമുണ്ടായ സ്ഥലത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി വീണ ജോര്‍ജ് യാത്ര തിരിക്കും. ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. ദുരന്തത്തില്‍പ്പെട്ട മലയാളികള്‍ക്ക് സഹായമെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പി. രാജീവും പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്ക് ചികില്‍സ ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടിയെടുക്കും. കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ കുടുംബത്തിന് ഒരു ലക്ഷവും നല്‍കും.
ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, തിരൂര്‍ സ്വദേശി നൂഹ്, മലപ്പുറം പുലാമന്തോള്‍ സ്വദേശി എം.പി. ബാഹുലേയന്‍, ചങ്ങനാശേരി ഇത്തിത്താരനം സ്വദേശി ശ്രീഹരി പ്രദീപ്, നിരണം സ്വദേശി മാത്യു ജോര്‍ജ്, കീഴ്വായ്പൂര് സ്വദേശി സിബിന്‍ ടി. എബ്രഹാം, ചാവക്കാട് സ്വദേശി ബിനോയ് എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.
ഇന്നലെ പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അപകടത്തെക്കുറിച്ച് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ നടന്നതായി ആഭ്യന്തര മന്ത്രാലയം കണ്ടെത്തി. കെട്ടിട ഉടമയുടെ മകനെയും സുരക്ഷാ ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. കെട്ടിടം നിലനിൽക്കുന്ന അൽ അഹ്മദി ഗവർണറേറ്റിന്റെ ചുമതലയുള്ള മുനിസിപ്പാലിറ്റി ജീവനക്കാരെ സസ്പെൻഡ് ചെയ്തു.