കര്‍ണാടകയിലെ അഗോളയില്‍ മണ്ണിനടിയില്‍പ്പെട്ട ലോറിയുടെ കാബിന്‍ സുരക്ഷിതമെങ്കില്‍ ഡ്രൈവര്‍ അര്‍ജുന്‍ തിരിച്ചുവരുമെന്ന് ഉറച്ച പ്രതീക്ഷയോടെ കുടുംബവും ലോറി ഉടമയും. 16ന് രാവിലെയാണ് ലോറി മണ്ണിടിച്ചിലില്‍ അകപ്പെട്ടത്. അഗോളയില്‍ വണ്ടി നിര്‍ത്തിയിട്ട് വിശ്രമിച്ചതാണോ ചായ കുടിക്കാന്‍ നിര്‍ത്തിയതാണോ എന്നൊന്നും അറിയില്ല. ആ സമയത്ത് അമ്മ വിളിച്ചപ്പോള്‍ അര്‍ജുന്റെ ഫോണ്‍ ഓഫ് ആയിരുന്നുവെന്ന് ലോറി ഉടമ മനാഫ് പറയുന്നു. 

11 മണിക്ക് വണ്ടി എടുത്ത് തിരിച്ചുവരേണ്ടതായിരുന്നു. അപ്പോഴും ഫോണ്‍ ഓഫ് ആയിരുന്നു. 16ന് പുലര്‍ച്ചെ നാലുവരെ അര്‍ജുനുമായി സംസാരിച്ചിട്ടുണ്ട്. അര്‍ജുന്റെ ഭാര്യ ഇന്നലെ വിളിച്ചപ്പോള്‍ രണ്ടുവട്ടം ഫോണ്‍ റിങ് ചെയ്തു. ലോറി ഉടമകളുടെ വാട്സാപ് ഗ്രൂപ്പിലൂടെയാണ് മണ്ണിടിച്ചിലിന്റെ വിവരം അറിഞ്ഞത്. അപ്പോള്‍ത്തന്നെ ജിപിഎസ് നോക്കി. ലൊക്കേഷന്‍ മണ്ണിടിഞ്ഞ സ്ഥലത്തുതന്നെയാണെന്ന് ബോധ്യപ്പെട്ടു. ഉടന്‍ പൊലീസില്‍ പരാതി നല്‍കി. 

മണ്ണടിച്ചിലുണ്ടായ സ്ഥലത്തിന് തൊട്ടടുത്ത് പുഴയുണ്ട്. ലോറി നീങ്ങി പുഴയിലേക്ക് പോയെങ്കില്‍ ജിപിഎസില്‍ പുഴയാണ് കാണിക്കേണ്ടത്. പക്ഷേ ഇപ്പോഴും ലോറിയുടെ ലൊക്കേഷന്‍ മണ്ണുവീണ സ്ഥലത്താണ്. 40 ടണ്‍ തടിയാണ് വണ്ടിയിലുള്ളത്. അത്രയും ഭാരമുള്ള ലോറി നീങ്ങിപ്പോവാന്‍ സാധ്യതയില്ല. ലോറി മണ്ണിനടിയില്‍ തന്നെയാണെന്നാണ് കരുതുന്നതെന്നും മനാഫ് പറയുന്നു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന ചില ടാങ്കറുകള്‍ നീങ്ങി പുഴയിലേക്ക് പോയതായി പറയുന്നുണ്ട്. 26 അടി താഴ്ചയുള്ള പുഴ മണ്ണുവീണ് നിറഞ്ഞ അവസ്ഥയിലാണെന്നും മനാഫ് ആധിയോടെ പറഞ്ഞു.

ഭാരത് ബെന്‍സിന്റെ ലോറിയാണ്. അവരുമായി ബന്ധപ്പെട്ടപ്പോഴും ലോറിയുടെ ലൊക്കേഷന്‍ അതേ സ്ഥലത്താണ് കാണിക്കുന്നത്. എത്രതവണ കേണുപറഞ്ഞിട്ടും കാര്യമുണ്ടായില്ല. റോഡില്‍ വീണ മണ്ണ് നീക്കി ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ മാത്രമാണ് അധികൃതര്‍ ശ്രമിക്കുന്നത്. മണ്ണിനടിയില്‍ കിടക്കുന്ന ജീവന്‍ രക്ഷിക്കാന്‍ ഒരു ശ്രമവും നടക്കുന്നില്ലെന്നും മനാഫ് കുറ്റപ്പെടുത്തി.

അവസാനസമയത്ത് എസി ഇട്ട് ഫുള്‍ കവര്‍ ചെയ്ത വണ്ടിയാണ്. ഉള്ളിലേക്ക് മണ്ണ് കയറിയില്ലെങ്കില്‍ അവന്‍ സേഫ് ആയിരിക്കും. ഓഫ് ആയ ഫോണ്‍ വീണ്ടും ഓണ്‍ ആകുമ്പോള്‍ പ്രതീക്ഷയോടെയല്ലേ കാണാനാകൂ, ആ മണ്ണ് ഒന്നു മാറ്റാന്‍ ശ്രമിച്ചാല്‍ അവന്‍ തിരിച്ചുവരുമെന്ന്  ഉറപ്പാണെന്നും അര്‍ജുന്റെ ലോറി ഉടമ മനാഫ് മനോരമന്യൂസിനോട് പറഞ്ഞു.

Karnataka Agola Landslide, Lorry Driver Manaf Reaction:

landslide in Agola, Karnataka, family and lorry owner Manaf hope that driver Arjun would have been safe if the soil had not entered the lorry's cabin. The incident took place on the 16th at 9 o'clock in the morning. when Arjun's mother called him, Arjun's phone was switched off. then wife called on yesterday, phone has turned on..