കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടക്കവേ, പ്രതീക്ഷയുടെ അവസാന തരിയും മുറുകെ പിടിച്ച് അര്‍ജുന്‍റെ കുടുംബം. ഇന്നും അര്‍ജുന്‍റെ തുമ്പ് എന്തെങ്കിലും ലഭിച്ചില്ലെങ്കില്‍ അവനെ എങ്ങനെ കിട്ടും എന്നറിയില്ലെന്നും, ഏതവസ്ഥയിലാണ് കാണാന്‍ പറ്റുക, ഇനി കാണാന്‍ പറ്റുമോ എന്നുതന്നെ അറിയില്ലെന്നും അര്‍ജുന്‍റെ സഹോദരി അഞ്‍ജു.

‘അര്‍ജുന്‍ അവിടെയുണ്ട് എന്നതിന് എന്തെങ്കിലും തെളിവ് ലഭിക്കാതെ തിരിച്ചുവരില്ല എന്നാണ് ദൗത്യവുമായി ബന്ധപ്പെട്ട് നാട്ടില്‍ നിന്ന് പോയവര്‍ പറയുന്നത്. ഇപ്പോള്‍ നടക്കുന്ന തിരച്ചിലിന്‍റെ വേഗതയില്‍ ഒന്നും ഞങ്ങള്‍ക്ക് വിശ്വാസമില്ല, എന്തുകൊണ്ടാണ് ദൗത്യം മെല്ലെപ്പോകുന്നത് എന്നറിയില്ല. എല്ലാവരുടെയും ഇടപെടല്‍കൊണ്ട് എല്ലാ സന്നാഹങ്ങളും അവിടെ എത്തിയിട്ടുണ്ട്. ആരെയും കുറ്റം പറയുന്നില്ല. ഇന്നത്തെ തിരച്ചിലില്‍ ഒരു ചെറിയ വിട്ടുവീഴ്ച ഉണ്ടായാല്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെടും. വിശ്വാസങ്ങളെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു. വെള്ളത്തിലും കരയിലും തിരച്ചില്‍ നടത്തണം. മണ്ണിന്‍റെ അടിയില്‍ തന്നെ ഉണ്ടാകാനാണ് സാധ്യത’, അഞ്ജു പറയുന്നു.

അതേസമയം, അർജുനായുള്ള തിരച്ചിൽ ഉടന്‍ പുനരാരംഭിക്കും. റഡാർ പരിശോധനയിൽ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കിയെങ്കിലും ലോറി കണ്ടെത്താനായില്ല. മണ്ണിൽ 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ ഇന്ന് തിരിച്ചിലിനായി സൈന്യം എത്തിക്കും. മണ്ണ് നീക്കം ചെയ്യാത്ത കൂടുതൽ സ്ഥലങ്ങളിലേക്ക്‌ റഡാറിന്റെ സഹായത്തോടെ തിരച്ചിൽ വ്യാപിപ്പിക്കും. ലോറി പുഴയിലേക്ക്‌ പതിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ എൻഡിആർഎഫും നാവികസേനയുടെ സ്‌കൂബ സംഘവും ഗംഗാവലി നദിയിൽ ഇന്നും തിരച്ചിൽ തുടരും.

ENGLISH SUMMARY:

As the search for Arjun, who went missing in a landslide in Karnataka's Shirur, entered its seventh day, Arjun's family is clinging to their last of hope.