മലയാള സിനിമ ലോകം അടക്കിവാഴാന്‍ പവര്‍ ഗ്രൂപ്പുകളെന്ന് വെളിപ്പെടുത്തല്‍. ലൈംഗിക ചൂഷണം മുതല്‍ സിനിമാ വിലക്കുകള്‍ വരെ തീരുമാനിക്കുന്ന ഈ മാഫിയ സംഘമെന്നും മൊഴി. സ്ത്രീകള്‍ക്ക് ലൊക്കേഷനുകളില്‍ മൂത്രമൊഴിക്കാനുള്ള സൗകര്യമെങ്കിലും ഒരുക്കുന്നതിനേക്കുറിച്ച് ചോദിച്ചപ്പോള്‍, സ്ത്രീകള്‍ വേണമെങ്കില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പഠിക്കണമെന്ന് പ്രമുഖ താരം മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം.

നടന്‍മാരും സംവിധായകരും നിര്‍മാതാക്കളും തുടങ്ങി തീയറ്റര്‍ ഉടമകളടക്കം പതിനഞ്ച് പേരടങ്ങിയ പവര്‍ഗ്രൂപ്പ്. സിനിമാലോകത്തെ മാഫിയ സംഘമെന്നാണ് ഈ ഗ്രൂപ്പിനെ റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്. സിനിമാലോകമെന്നാല്‍ പുരുഷന് മാത്രം അധികാരമുള്ള സ്ഥലമാണെന്നാണ് ഈ സംഘത്തിന്റെ വിചാരം. ഒരു നടി തനിക്കുണ്ടായ ദുരനുഭവം പുറത്തുപറയുകയോ എതിര്‍ക്കുകയോ ചെയ്താല്‍ ഈ ഗ്രൂപ്പ് ആ നടിക്കെതിരെ രംഗത്ത് വരും. സൈബര്‍ ആക്രമണം മുതല്‍ സിനിമയില്‍ നിന്നുള്ള വിലക്കിന് വരെ ഇവര്‍ നേതൃത്വം കൊടുക്കും. ഇവര്‍ക്കെതിരെ ശബ്ദിച്ച ഒരു പ്രമുഖ നടനെപോലും ഇങ്ങിനെ വിലക്കി. അതുകൊണ്ട് ഇവരേ പേടിച്ച് പുരുഷന്‍ മാര്‍ പോലും  കമ്മീഷന് മുന്നില്‍ മൊഴി നല്‍കാന്‍ തയാറായില്ലെന്നാണ് കമ്മീഷന്‍ അദ്ഭുതത്തോടെ കുറിക്കുന്നത്. 

ഈ ആധുനിക കാലത്തും സിനിമ ലൊക്കേഷനുകള്‍ സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യം പോലും ഒരുക്കാത്ത പ്രകൃത കേന്ദ്രങ്ങളാണ് മൊഴികളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ വിലയിരുത്തുന്നു. ഔട്ട് ഡോര്‍ ഷൂട്ടിങ് നടക്കുന്ന സമയത്ത് ചെടിയുടെ മറവിലിരുന്ന് മൂത്രമൊഴിക്കേണ്ട ഗതികേടിലാണ് നടിമാര്‍. മൂത്രമൊഴിക്കാന്‍ മടിച്ച് പലരും പകല്‍ മുഴുവന്‍ വെള്ളം കുടിക്കാതിരിക്കും. അങ്ങിനെ ആരോഗ്യപ്രശ്നം വന്നെന്നും ഒട്ടേറെ പേര്‍ മൊഴി നല്‍കി. സുരക്ഷിതമായ ശുചിമുറിയില്‍ പോയി മൂത്രമൊഴിച്ചിട്ട് തിരികെ വരാന്‍ പത്ത് മിനിറ്റ് സമയം വേണ്ടി വരുമെന്ന കാരണത്താല്‍ ഒരു പകല്‍ മുഴുവന്‍ മൂത്രമൊഴിക്കാന്‍ അനുവദിക്കാതെ തടഞ്ഞ് നിര്‍ത്തിയെന്ന ദുരനുഭവം ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. 

നായകന്‍മാര്‍ കാരവനില്‍ എല്ലാവിധ സൗകര്യത്തോടെയും കഴിയുമ്പോളാണ് സ്ത്രീകളായതിന്റെ പേരിലുള്ള ഈ അവഗണന. സ്ത്രീകള്‍ക്ക് കാരവന്‍ നല്‍കിക്കൂടേയെന്ന് ചോദിച്ചപ്പോള്‍, പണ്ട് മുതലെ ഈ പ്രശ്നങ്ങളൊക്കെ ലൊക്കേഷനിലുണ്ടെന്നും സ്ത്രീകള്‍ അ‍‍‍ഡ്ജസ്റ്റ് ചെയ്യാന്‍ പഠിച്ചാല്‍ തീരാവുന്ന വിഷയമേയുള്ളെന്നുമായിരുന്നു ഒരു പ്രമുഖ താരത്തിന്റെ മൊഴി. സ്ത്രീകള്‍ക്ക് കാരവന്‍ നല്‍കണമെന്നതിനെ നിര്‍മാതാക്കളും എതിര്‍ത്തു.

15 member power group controls Malayalam film industry; Hema Committee report: