കലാപം കലുഷിതമായ നാളുകളില്‍ മണിപ്പുരിന്റെ വേദനയ്ക്കൊപ്പം കേരളം നിന്നുവെന്ന് മണിപ്പുര്‍ എം.പി ബിമോല്‍ അകൊയ്ജം. മണിപ്പുരിന്റെ വേദന മാനവരാശിയുടെ വേദന കൂടിയാണെന്നും മറ്റ് ചിലരൊക്കെ ആ വേദന കാണാതിരുന്നപ്പോഴാണ് കേരളം കൂടെ നിന്നതെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. മണിപ്പുരില്‍ നിന്നും ഒരുലക്ഷത്തിപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അകൊയ്ജം ജയിച്ചത്. ഇത് ജനങ്ങളുടെ ശക്തിയാണെന്നും ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഴി തെറ്റിയാണ് രാഷ്രീയത്തിലെത്തിയതെന്നും പാട്ടുകാരനാവേണ്ടിയിരുന്ന ആളാണെന്ന് അമ്മ എപ്പോഴും പറയുമെന്നും അകൊയ്ജം പറഞ്ഞു. സിനിമ തനിക്കേറെ ഇഷ്ടമാണെന്നും പുതിയ ഫീച്ചര്സിനിമയുടെ പണിപ്പുരയിലാണ് താനെന്നും എം.പി വെളിപ്പെടുത്തി. ചെറുപറുദീസയായ മണിപ്പുരില്‍ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഇത് നാലാം തവണയാണ് താനെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോളും സിനിമയും ഇരുനാടുകളെയും ഒന്നിപ്പിക്കുന്നുവെന്നും അകൊയ്ജം സന്തോഷം പ്രകടിപ്പിച്ചു.