തൃശൂര്‍ പൂരം കലക്കിയതിനേക്കുറിച്ചുള്ള അന്വേഷണം പ്രഖ്യാപനത്തിലൊതുക്കി സര്‍ക്കാര്‍ അട്ടിമറിച്ചതിന്റെ തെളിവായി വിവരാവകാശ രേഖകള്‍. അന്വേഷണം നടക്കുന്നതായി അറിവില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിവരാവകാശ മറുപടി. അന്വേഷിച്ചിട്ടില്ലെന്ന് തൃശൂര്‍ സിറ്റി പൊലീസും മനോരമ ന്യൂസിന്റെ ചോദ്യത്തിന് മറുപടി നല്‍കി. ഇതോടെ അന്വേഷണം നടക്കുന്നൂവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സി.പി.എമ്മും, സി.പി.ഐ ഉള്‍പ്പടെയുള്ള ഘടകക്ഷികളെ പറ്റിച്ചെന്ന സംശയം ബലപ്പെടുകയാണ്.
ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ചരിത്രത്തിലാദ്യമായി പൂരം അലങ്കോലപ്പെട്ടപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിവാദത്തെ തടഞ്ഞത്. ഏപ്രില്‍ 21ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നിറക്കിയ വാര്‍ത്താകുറിപ്പില്‍ ഇങ്ങിനെ അറിയിച്ചു. തൃശൂര്‍ കമ്മീഷണറെ മാറ്റും. പൊലീസിന്റെ നടപടികള്‍ക്കെതിരായ പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. ഈ വാക്കുവിശ്വസിച്ച സി.പി.ഐ നേതാക്കള്‍ അന്ന് മുതല്‍ ആവശ്യപ്പെടുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന്.
ഇപ്പോള്‍ ആരോപണ വിേധയനായി നില്‍ക്കുന്ന എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനായിരുന്നു അന്വേഷണ ചുമതല. അദേഹത്തിന്റെ ആര്‍.എസ്.എസ് കൂടിക്കാഴ്ച കൂടി പുറത്തുവന്നതോടെ അന്വേഷണം എന്തായെന്ന ചോദ്യം ശക്തമായി. അതോടെയാണ് വിവരാവകാശ നിയമത്തിലൂടെ ഞങ്ങള്‍ ഉത്തരം തേടിയത്.
പൂരം മുടങ്ങിയതിനേക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ, ഉണ്ടങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ. ഈ കാര്യങ്ങളാണ് പൊലീസ് ആസ്ഥാനത്ത് നല്‍കിയ വിവരാവകാശ ചോദ്യത്തില്‍ ഉന്നയിച്ചത്. മറുപടി ഇങ്ങിനെ– അങ്ങിനെയൊരു അന്വേഷണത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടത്തെ ഓഫീസിലില്ല. കൃത്യമായ മറുപടിക്കായി തൃശൂര്‍ സിറ്റി പൊലീസിന് അയച്ചു നല്‍കുന്നു. അതായത് ഡി.ജി.പി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തേക്കുറിച്ച് പൊലീസ് ആസ്ഥാനം അറിഞ്ഞിട്ടില്ല.
തൊട്ടുപിന്നാലെ തൃശൂര്‍ പൊലീസും മറുപടി നല്‍കി. പൂരം മുടങ്ങിയതിനേക്കുറിച്ച് അന്വേഷിക്കുകയോ റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല. അതിനാല്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുള്ളതായും കണ്ടെത്തിയിട്ടില്ല.
ചുരുക്കത്തില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താകുറിപ്പില്‍ പറഞ്ഞതുപോലെ ഒരന്വേഷണം ഉണ്ടായതായി ആരും പറയുന്നില്ല. മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും തന്റെ അതിവിശ്വസ്തനായ എ.ഡി.ജി.പി അജിത്കുമാറിനെ ഏല്‍പ്പിക്കുകയും ചെയ്ത അന്വേഷണത്തിന് എന്ത് സംഭവിച്ചു. സര്‍ക്കാരിന്റെ ഭാഗമായ സി.പി.ഐയോടെങ്കിലും വിശദമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.