TOPICS COVERED

കൊച്ചി പള്ളുരുത്തി സ്വദേശിയായ സി.എ വിദ്യാര്‍ഥി ആദമിന്‍റെ തിരോധാനത്തില്‍ അന്വേഷണത്തിന് മട്ടാഞ്ചേരി എ.സി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. പുലര്‍ച്ചെ വീട്ടില്‍ നിന്ന് സൈക്കിള്‍ ചവിട്ടാനായി ഇറങ്ങിയ ഇരുപത് കാരനെ കാണാതായിട്ട് രണ്ട് മാസം പിന്നിടുകയാണ്. 

ദിവസവും പത്ത് കിലോമീറ്ററിന് മേല്‍ ഫോര്‍ട്ടുകൊച്ചി ഭാഗത്തേക്ക് സൈക്കിള്‍ ചവിട്ടുന്ന ആദം പതിവില്‍ നിന്ന് വ്യത്യസ്തമായി തേവര ഭാഗത്തേക്കാണ് അന്ന് പോയത്. പതിവുപോലെ മൊബൈല്‍ ഫോണും, പേഴ്സും എടുത്തില്ല. ഒരു മണിക്കൂറിന് ശേഷം മടങ്ങി വരുമെന്ന് പറഞ്ഞാണ് ഇറങ്ങിയത്.  മട്ടാഞ്ചേരി എ.സി.പി യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഫോണ്‍ എടുക്കാത്തതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കില്ല. 

പത്താം ക്ലാസിന് ശേഷം ഓണ്‍ലൈനിലൂടെ മാത്രമാണ് ആദമിന്‍റെ പഠനം. സി.എ പ്രിലിമിനറി പാസായതുംവീട്ടിലിരുന്ന പഠിച്ചാണ്. പഠിക്കാന്‍ വീട്ടില്‍ സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നതായി ആദം സുഹൃത്തിന് വാട്സ്ആപ്പ് സന്ദേശം അയച്ചിട്ടുണ്ട്. ഇതാകാം വീട് വിട്ട് ഇറങ്ങാന്‍ കാരണമെന്ന വിലയിരുത്തലും പൊലീസിനുണ്ട്. കാണാതാകുന്നതിന് തലേ ദിവസം ഹിമാലയത്തിലേക്കുള്ള യാത്രയെ കുറിച്ചാണ് ആദം ഇന്‍ര്‍നെറ്റില്‍ പരിശോധിച്ചത്.

ENGLISH SUMMARY:

Special team to investigate Adam's disappearance