lorry-cabin

അര്‍ജുന്‍റെ ലോറി റോഡിലേക്ക് കയറ്റാന്‍ തുടങ്ങി. പുതിയ ക്രെയിന്‍ എത്തിച്ചാണ് ലോറി കയറ്റുന്നത്. ലോറി റോഡരികില്‍ എത്തിച്ചശേഷം പൊളിച്ച് പരിശോധിക്കും. ലോറിയുടെ ക്യാബിനില്‍ ഇനിയും ശരീരഭാഗങ്ങള്‍ ഉണ്ടെന്ന് സംശയം. അര്‍ജുന്‍റെ ഡിഎന്‍എ പരിശോധന ഹുബ്ബള്ളിയിലെ ഫൊറന്‍സിക് ലാബില്‍ നടക്കും.   

Read Also: അര്‍ജുന്‍റെ മകനെ സ്വന്തം കുട്ടിയെപ്പോലെ വളര്‍ത്തും; ഇനി നാലു മക്കള്‍: മനാഫ്

അർജുന്റെ ലോറി വെള്ളത്തിനടിയിൽ ചെളി മൂടിയനിലയിൽ ആയിരുന്നുവെന്ന് ഷിരൂര്‍ ദൗത്യസംഘത്തിലെ മലയാളി മുങ്ങൽ വിദഗ്ധൻ ജോമോൻ മനോരമ ന്യൂസിനോട് പറഞ്ഞു. സ്ട്രോങ്ങ് എന്ന് എഴുതിയത് കണ്ടാണ് ലോറി ആണെന്ന് തിരിച്ചറിഞ്ഞതെന്നും ജോമോന്‍ പറഞ്ഞു

 

അർജുന്‍റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറും. അർജുനൊപ്പം കാണാതായ കനകരാജ് , ലോകേഷ് എന്നിവർക്കായുള്ള തിരച്ചില്‍ തുടരും. ജൂലൈ 16നാണ് കര്‍ണാടകയിലെ ഷിരൂരില്‍ നടന്ന മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതാകുന്നത്. 72 ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ ലോറിയും അര്‍ജുന്‍റെ മൃതദേഹവും കണ്ടെത്തി.

നാവികസേന പങ്കുവച്ച നിര്‍ണായക വിവരങ്ങളാണ് അര്‍ജുന്‍റെ ട്രക്ക് പുറത്തെടുത്തതില്‍ സഹായകമായത്. ട്രക്കിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞ ഭാഗത്തിന്‍റെ രേഖാചിത്രം നാവികസേന തിരച്ചില്‍ സംഘത്തിന് കൈമാറിയിരുന്നു. ഈ ചിത്രം അടിസ്ഥാനമാക്കിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയത്. നാല് പോയന്‍റുകളില്‍ ദൗത്യസംഘം നടത്തിയ പരിശോധനയില്‍ കോണ്‍ടാക്ട് പോയന്‍റ് രണ്ടിലാണ് ലോറിയുടെ ഭാഗം കണ്ടെത്തിയത്. ലോറിയുടെ കാബിനിന്‍റെ ഉള്ളിലായിരുന്നു അര്‍ജുന്‍റെ മൃതദേഹം.

ഷിരൂര്‍ ദൗത്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി അറിയിച്ചു. കേരളത്തിന്‍റെ അഭ്യര്‍ഥനയോട് കര്‍ണാടക വേഗത്തില്‍ പ്രതികരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സതീഷ് കൃഷ്ണ സെയില്‍ എം.എല്‍.എയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. രക്ഷാപ്രവര്‍ത്തകന്‍ ഈശ്വർ മൽപെയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ആദ്യ ഘട്ടത്തിൽ പുഴയിൽ നിന്ന് പ്രതീക്ഷ നൽകുന്ന വിവരങ്ങൾ മുങ്ങിയെടുത്തത് ഈശ്വർ മൽപെയായിരുന്നു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് കുത്തൊഴുക്കുള്ള ​ഗം​ഗംഗാവലി പുഴയില്‍ ഈശ്വർ മൽപെ തിരച്ചിൽ നടത്തിയത്.

കുത്തൊഴുക്കുണ്ടായതിനാല്‍ നേവി വിലക്കിയിട്ടും ഈശ്വർ മൽപെ പുഴയിലേക്കിറങ്ങി. അർജുന് വേണ്ടിയും മറ്റ് രണ്ട് സഹോദരങ്ങൾക്ക് വേണ്ടിയും താഴെ ഇറങ്ങുന്നു എന്നും ആത്മവിശ്വാസമുണ്ടെന്നുമായിരുന്നു ഈശ്വർ മാൽപെ പറഞ്ഞത്. പുഴയിലിറങ്ങുന്നത് സ്വന്തം റിസ്കിലെന്ന് എഴുതി കൊടുത്തിട്ടാണ് ഈശ്വർ മാൽപെ പരിശോധന നടത്തിയത്. ഈ തിരച്ചിലിലാണ് അർജുൻ ഓടിച്ച ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയത്. 30 കിലോയോളം വരുന്ന ജാക്കിയും കൊണ്ടാണ് മാൽപെ കരയ്ക്കുകയറിയത്. ഒരു വിവരവും ലഭിക്കാത്ത സമയത്ത് പ്രതീക്ഷയായിരുന്നു ഈശ്വർ മാൽപെയുടെ തിരച്ചിൽ.