TOPICS COVERED

തലയോലപ്പറമ്പ് പൊതിയിൽ, നിർധനരെ സഹായിക്കാൻ വ്യാപാരികളുടെ കൂട്ടായ്മ. ഉപയോഗയോഗ്യമായ വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും ശേഖരിച്ച് സൗജന്യമായി എത്തിക്കും. വിലകൂടിയ വിവാഹ വസ്ത്രങ്ങൾ മുതൽ സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷൻമാർക്കുമുള്ള വസ്ത്രങ്ങൾ വരെ ഇവിടെ നിന്ന് ആർക്ക് വേണമെങ്കിലും എടുക്കാം. ഒരു രൂപപോലും നല്‍കേണ്ട. രണ്ടുവർഷം മുന്‍പാണ് പൊതിയിലെ അറുപത്തി അഞ്ച് വ്യാപരികൾ ചേർന്ന് ഇരുനില ഓഫിസിനു മുകളിൽ ഈ സേവന ബാങ്ക് തുറന്നത്. ആളുകള്‍ക്ക് ഇവിടേക്ക് എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ ഓണത്തിന് വൈക്കം - തൊടുപുഴ റോഡരികിലെ പൊതി പാലത്തിനടുത്തേക്ക് മാറ്റി. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സേവന ബാങ്കിന്റെ വാതിൽ തുറന്നുതന്നെ കിടക്കും. വസ്തുക്കൾ സംഭാവന ചെയ്യുന്നവർക്കും സാധനങ്ങള്‍ ആവശ്യമുള്ളവര്‍ക്കും എത്താം. പൊതിയിലെ വ്യാപാരികൾ നടത്തുന്ന ധനകാര്യ സ്ഥാപനത്തിന്‍റെ ലാഭത്തില്‍ ഒരു വിഹിതം ഉപയോഗിച്ച് നടത്തുന്ന സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണിത്. അവശതയനുഭവിക്കുന്നവർക്കും ഗുരുതരരോഗികൾക്കുമടക്കം സഹായം നൽകാനും ഇവിടുത്തെ വ്യാപാരി കൂട്ടായ്മ സജീവമായി രംഗത്ത് ഉണ്ട് .

ENGLISH SUMMARY:

The Merchants Association has launched an initiative to provide free clothing for underprivileged individuals