killer-arrest

TOPICS COVERED

തൃശൂര്‍ കയ്പമംഗലത്ത് യുവാവിനെ തല്ലിക്കൊന്ന് ആംബുലന്‍സില്‍ ഉപേക്ഷിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കണ്ണൂര്‍ അഴീക്കല്‍ സ്വദേശി സാദിഖ് ഉള്‍പ്പെടെ ഒന്‍പതു പേരാണ് പിടിയിലായത്. കോയമ്പത്തൂർ സ്വദേശിയായ അരുൺ കൊല്ലപ്പെട്ട കേസിൽ ഇതുവരെ 9 പേരാണ് അറസ്റ്റിലായത്. സാമ്പത്തിക ഇടപാട് ആയിരുന്നു കൊലപാതകത്തിന് കാരണം.

കണ്ണൂർ അഴിക്കൽ സ്വദേശിയായ ഐസ് ഫാക്ടറി ഉടമ സാദിഖിന്‍റെ പക്കൽ നിന്ന് വൻതുക കോയമ്പത്തൂർ സ്വദേശിയായ അരുൺ കൈപ്പറ്റിയിരുന്നു. വ്യാജ നിക്ഷേപ പദ്ധതിയിൽ ഈ തുക മുടക്കി പണം നഷ്ടപ്പെട്ടു. ഈ തുക തിരിച്ചുപിടിക്കാൻ ആയിരുന്നു സാദിഖിന്‍റെ ശ്രമം

സാദിഖിന്റെ കൂട്ടുകാരായ ഫായിസ്, സലിം, മുജീബ് എന്നിവരും അറസ്റ്റിലായി. ഇതുകൂടാതെ, കയ്പമംഗലത്തെ നാലു പേരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഈ നാലുപേരും ക്വട്ടേഷന്‍ സംഘാംഗങ്ങളാണ്. വ്യാജ നിക്ഷേപ പദ്ധതിയില്‍ പത്തു ലക്ഷം രൂപ മുടക്കാന്‍ സാദിഖിനെ പ്രേരിപ്പിച്ചത് അരുണായിരുന്നു. ലക്ഷകണക്കിനു രൂപ പലപ്പോഴായി പദ്ധതിയില്‍ നിക്ഷേപിച്ചു. പക്ഷേ, തിരിച്ചു കിട്ടിയില്ല. ഈ തുക തിരിച്ചുകിട്ടാനായിരുന്നു സാദിഖ് ക്വട്ടേഷന്‍‍ നല്‍കിയത്. 

അരുണിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി മര്‍ദ്ദിച്ചു. തുടര്‍ച്ചയായ മര്‍ദ്ദനമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൃതദേഹം ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അരുണിനൊപ്പം സുഹൃത്ത് ശശാങ്കനും ഉണ്ടായിരുന്നു. ശശാങ്കന്‍റെ മൊഴിയാണ് വഴിത്തിരിവിലെത്തിയത്.

ENGLISH SUMMARY:

The main accused was arrested in the case of killing a man and leaving him in an ambulance