TOPICS COVERED

പാലക്കാട് കൊല്ലങ്കോട് വനം വകുപ്പ് ജീവനക്കാർ കാടുകയറ്റിയ കാട്ടാനകൾ തിരിച്ചെത്തി വീണ്ടും കൃഷി നശിപ്പിച്ചു. മുപ്പതിലേറെ വനപാലകര്‍ പകൽ മുഴുവൻ നടത്തിയ പരിശ്രമമാണ് വിഫലമായത്. ആനയെ തുരത്താന്‍ ഉദ്യോഗസ്ഥര്‍ രാത്രിയും കാവല്‍ തുടര്‍ന്നു. ചൊവ്വാഴ്ച രാത്രി തേക്കിൻചിറ ചാത്തിയോട് ഭാഗത്തെത്തിയ മൂന്ന് ആനകള്‍ ഏക്കര്‍ കണക്കിന് നെൽക്കൃഷി നശിപ്പിച്ച് പാടത്തിന്റെ വരമ്പുകൾ തകർത്തു. വിജയൻ, രതീഷ്, പ്രഭാകരൻ എന്നിവരുടെ കൃഷിയിടങ്ങളിലാണു നാശമുണ്ടാക്കിയത്. വനം വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ ഈ ആനകളെ കിളിമല ഭാഗത്തെത്തിച്ച് കാടു കയറ്റി. എന്നാൽ അർധരാത്രിയോടെ ആനക്കൂട്ടം തിരികെ കൃഷിയിടത്തിലെത്തി നെൽച്ചെടികൾ ചവിട്ടി നശിപ്പിച്ചു. മാത്തൂർ, ചീളക്കാട്, വേലാങ്കാട്, കള്ളിയമ്പാറ, ശുക്രിയാൽ എന്നിവിടങ്ങളിൽ പതിവായി കൃഷിനാശമുണ്ടാക്കിയിരുന്ന മൂന്ന് ആനകളെയാണു കിളിമല ഭാഗം കടത്തി വിട്ടിരുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് ആനകളും തിരിച്ചെത്തിയതോടെ വനം വകുപ്പിന്റെ പ്രയത്നം വെറുതെയായി. എങ്കിലും ഉദ്യോഗസ്ഥര്‍ വീണ്ടും ആനകളെ പിന്തുടർന്ന് പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും കിളിമല ഭാഗത്ത് എത്തിച്ചു. ഇവിടെ വച്ചു മൂന്നാനകളും പല വഴിക്ക് പിരിഞ്ഞതോടെ വനം വകുപ്പ് രാത്രി നിരീക്ഷണം ഏർപ്പെടുത്തി. പലകപ്പാണ്ടി, ശുക്രിയാൽ, മാത്തൂർ എന്നിവിടങ്ങളിലാണ് നിരീക്ഷണം തുടരുന്നത്.

In Kollangode, Palakkad, a herd of wild elephants recently caused widespread destruction to farmlands: