pv-anvar-cpm-flag

മുഖ്യമന്ത്രിക്കും സർക്കാറിനും എതിരെയുള്ള വാർത്താ സമ്മേളനത്തിന് പിന്നാലെ പിവി അൻവറിനെതിരെ സിപിഎം നേതാക്കളുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മിക്ക സിപിഎം നേതാക്കളും അൻവറിനെ തള്ളി പാർട്ടിയെയും സർക്കാറിനെയും പ്രതിരോധിക്കുന്ന നിലപാടെടുത്തു. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവരുടെ കയ്യിലെ കോടാലിയായി അൻവർ മാറിക്കഴിഞ്ഞു എന്നാണ് സിപിഎം നേതാക്കളുടെ വിമർശനം. അതേസമയം ഫെയ്സ്ബുക്കിൽ സംസാരവിഷമാണ് പിവി അൻവർ.

Also Read: ‘വിരട്ടേണ്ട; ഇത് പാര്‍ട്ടി വേറെ’; അന്‍വറിന്‍റെ വീടിന് മുന്നില്‍ സിപിഎം ഫ്ലക്സ്

ഇടതുപക്ഷത്തെയും സിപിഎമ്മിനെയും സ്നേഹിക്കുന്നവരെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടുള്ള നിലപാടാണ് പിവി അൻവറിന്റേതെന്നാണ് പി. ജയരാജന്റെ വിമർശനം. കടന്നാക്രമണങ്ങളിൽ പതറാതെ പോരാട്ടം തുടരുമെന്നും ജയരാജൻ കുറിക്കുന്നു. അൻവറിന്റെ പേരില്ലാതെയാണ് എംഎം മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിക്ക് പോവുക. ബാധിക്കുന്നത് ഈ നാടിൻ്റെ പ്രശ്നങ്ങളാണെന്ന് എംഎം മണി എഴുതി. 

Also Read: ‘റിയാസിനെ മാത്രം നിലനിര്‍ത്താനാണോ പാര്‍ട്ടി..?; വിധേയപ്പെട്ട് നില്‍ക്കാന്‍ സൗകര്യമില്ല’ 

പിവി അൻവർ വലത് പക്ഷത്തിന്റെ കൈകോടാലിയാണെന്നും ഇടതു പക്ഷ - പുരോഗമന രാഷ്ട്രീയം സ്വാർത്ഥ ലാഭങ്ങൾക്കായി തുരങ്കം വെക്കാൻ അനുവദിക്കില്ലെന്നുമാണ് ഡിവൈഎഫ്ഐയുടെ നിലപാട്. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്ന ശത്രുക്കളുടെ കയ്യിലെ കോടാലിയായി അൻവർ മാറിക്കഴിഞ്ഞെന്ന് പികെ ശ്രീമതിയും പറഞ്ഞു. 

സ്വർണക്കടത്ത് സംഘത്തെ പിടിക്കാൻ പോലീസ് ഇറങ്ങിയതാണ് അൻവറിന്റെ പ്രശ്നം എന്നാണ് എഎ റഹീം എംപിയുടെ വിമർശനം. സ്വർണക്കടത്ത് മാഫിയകളുടെ സെക്യൂരിറ്റി പണിയാണ് അൻവറിന്റെത് എന്നും ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്. 

ഇടതുപക്ഷം വിടാൻ പിവി അൻവർ കാരണമുണ്ടാക്കുന്നു എന്നാണ് എം സ്വരാജ് ദേശാഭിമാനിയുടെ വിഡിയോയിൽ പറയുന്നത്. കള്ളകടത്തു സംഘാംഗങ്ങൾ പറയുന്ന കാര്യങ്ങളെ ഉയർത്തിപിടിച്ച് എംഎൽഎ ആരോപണം ഉന്നയിക്കുന്നത് മോശം കാര്യമാണെന്നും ഇത് അൻവറിന്റെ ആരോപണ ഉദ്യേശ ശുദ്ധിയെ സംശയത്തിലാക്കുന്നു എന്നും സ്വരാജും വ്യക്തമാക്കുന്നു. 

അതേസമയം, സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ് പിവി അൻവർ. ഫെയ്സ്ബുക്കിൽ ട്രെൻഡിങ് വിഷയമാണ് പിവി അൻവർ. സിപിഎം നേതാക്കളുടെ പോസ്റ്റിന് താഴെ അൻവറിനെ പിന്തുണച്ച് നൂറുകണക്കിന് കമന്റുകളാണുള്ളത്. വാർത്ത സമ്മേളനത്തിന് ശേഷമിട്ട ഫെയ്സ്ബുക്ക് പോസ്റ്റിനും മികച്ച പിന്തുണ സോഷ്യൽ മീഡിയയിലുണ്ട്. 

നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരെ തള്ളിപ്പറയാൻ കഴിയില്ലെന്നും അവരോട് കടപ്പെട്ടിരിക്കുന്നു എന്നും വ്യക്തമാക്കുന്നതാണ് അവസമാനമായി വന്ന പോസ്റ്റ്. ചില പുഴുക്കളോടെ എതിർപ്പുള്ളൂ എന്നും പാർട്ടിയോടോ സഖാക്കളോടോ അല്ലെന്നും അൻവർ വ്യക്തമാക്കുന്നു. പാർട്ടി പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാനുള്ള വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചാലും ഉന്നയിച്ച ചോദ്യങ്ങൾ ബാക്കിയാണെന്നും അൻവർ ഓർമിപ്പിക്കുന്നു.