pushpan

'തണ്ടൊടിഞ്ഞിട്ടും വാടാതങ്ങനെനിൽപ്പാണവനൊരു ചെമ്പനിനീർപ്പൂവ്'...ഇതിലും മികച്ച മറ്റൊരു വിശേഷണമില്ല സഖാവ് പുഷ്പനെ വർണിക്കാൻ. കാൽ നൂറ്റാണ്ട് നീണ്ടുനിന്ന പോരാട്ടവീര്യത്തിന് വിരാമമിട്ട് താനൊരു കറതീർന്ന കമ്യൂണിസ്റ്റുകാരനാണെന്ന് സ്വന്തം ജീവിതം കൊണ്ട് കുറിച്ചിട്ട് കൂത്തുപറമ്പിൻറെ വിപ്ലവസൂര്യൻ വിട പറഞ്ഞു. 24ാം വയസിൽ വെടിയേറ്റ് ജീവിതം കിടക്കയിലേക്കൊതുങ്ങിയപ്പോഴും തൻറെ ഉളളിലെ പാർട്ടിയോടും പ്രസ്ഥാനത്തോടുമുളള ആവേശം പുഷ്പൻ തന്റെ അവസാനശ്വാസം വരെ കാത്തുസൂക്ഷിച്ചു. 

Also Read: പുഷ്പന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ; അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ആയിരങ്ങള്‍

കാലം മാറി, പാർട്ടി മാറി, നയങ്ങൾ മാറി..എന്നാൽ പുഷ്പൻ മാത്രം മാറിയിരുന്നില്ല. കിടന്ന കിടപ്പിലും ഇൻക്വിലാബ് സിന്ദാബാദ് എന്നുറക്കെ വിളിക്കാൻ തന്റെ മുഷ്ടി എന്നും പുഷ്പൻ ചുരുട്ടിതന്നെ പിടിച്ചിരുന്നു. പുഷ്പൻ വിടവാങ്ങുന്നതോടുകൂടി കേരള രാഷ്ട്രീയത്തിലെ ചോരപുരണ്ട ഒരു ചരിത്രത്തിനു കൂടിയാണ് അവസാനമാകുന്നത്. 

ചോരപടർന്ന ആ വെള്ളിയാഴ്ച

കൂത്തുപറമ്പ് വെടിവയ്പ്പിന്റെ ഓർമക്കണക്കുകളിൽ എന്നും ആവർത്തിച്ചുകേട്ട പേരാണ് സഖാവ് പുഷ്പൻ. കാൽനൂറ്റാണ്ടുകാലം ഇടതുപക്ഷ പ്രസ്ഥാനത്തെ ഒരു നിശ്ചലശരീരംകൊണ്ട് പ്രചോദിപ്പിച്ച വിപ്ലവകാരി. കൂത്തുപറമ്പിൻറെ വിപ്ലവസൂര്യൻ. 1994 നവംബർ 25ന് ശേഷമാണ് ആ രണഗാഥ പിറന്നത്. ഒരു കേരളീയനും മറക്കാൻ കഴിയില്ല  ചോരപടർന്ന ആ വെള്ളിയാഴ്ച. കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഫ് സർക്കാർ അധികാരത്തിലുളള കാലം. 

pushpan-funeral

സിപിഎമ്മിൽ നിന്ന് പുറത്തായ എം വി രാഘവൻ കരുണാകരനൊപ്പം നിൽക്കുന്ന സമയം. മറ്റൊരു തരത്തിൽ പറഞ്ഞാൽ സിപിഎം എം വി രാഘവനെ ലക്ഷ്യമിട്ട കാലം കൂടിയായിരുന്നു അത്. അക്കാലയളവിലാണ് സഹകരണ മേഖലയുടെ പണവും സർക്കാർ ഭൂമിയും ഉപയോഗിച്ച് എം വി രാഘവന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിയാരം മെഡിക്കൽ കോളജ് സ്വകാര്യ സ്ഥാപനമാക്കുന്നതിനായുള്ള നീക്കങ്ങൾ ആരംഭിച്ചത്. എന്നാൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ വത്കരണത്തിനെതിരെ ഡിവൈഎഫ്‌ഐ സമരം പ്രഖ്യാപിച്ചു.

Also Read: തെറ്റിനെതിരെ പോരാടുന്നതിന് പുഷ്പനെന്നും പ്രചോദനം: മുഖ്യമന്ത്രി

1994 നവംബർ 25ന് കൂത്തുപറമ്പ് സഹകരണ ബാങ്ക് ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി എം.വി. രാഘവൻ. സംഘർഷ സാധ്യത ഏറെയുളളതിനാൽ ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന് അധ്യക്ഷത വഹിക്കാനിരുന്ന മന്ത്രി എൻ. രാമകൃഷ്ണന് പൊലീസ് അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് രാമകൃഷ്ണൻ സംഭവസ്ഥലത്തു നിന്നും പിൻവാങ്ങി. എന്നാൽ മന്ത്രി എം.വി. രാഘവൻ പിന്മാറാൻ തയ്യാറായിരുന്നില്ല. ഉദ്ഘാടനം നിർവ്വഹിച്ചേ മടങ്ങൂ എന്ന എന്ന തീരുമാനത്തിൽ രാഘവൻ ഉറച്ചുനിന്നു. ഇതോടെ കൂത്തുപറമ്പിലും പരിസരത്തും വൻ പോലീസ് സന്നാഹം അണിനിരന്നു. 

ഏതുനിമിഷവും കൂത്തുപറമ്പൊരു രണഭൂമിയായി മാറിയേക്കാം എന്ന് അവിടെ തടിച്ചുകൂടിയ ആബാലവൃന്ദം ജനങ്ങൾക്കും അറിയാമായിരുന്നു. ഏകദേശം രണ്ടായിരത്തോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണ് പ്രദേശത്ത് തമ്പടിച്ചിരുന്നത്. ഉച്ചയോടെ ഉദ്ഘാടനത്തിനായി മന്ത്രി എം.വി. രാഘവനെത്തി. മന്ത്രിയെ കണ്ടതും മുദ്രാവാക്യങ്ങളുമായി പ്രവർത്തർ മുന്നോട്ട് കുതിച്ചു. പിന്നീട് കൂത്തുപറമ്പിൽ നടന്നത് നടുക്കുന്ന കാഴ്ച്ചയായിരുന്നു. മന്ത്രിയുടെ വഴിതടയാനെത്തിയ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. പുറത്ത് പ്രതിഷേധ പ്രവർത്തകർക്ക് മേൽ പൊലീസ് കനത്ത പ്രഹരമേൽപ്പിക്കുന്നതിനിടെയിൽ അതൊന്നും വകവെയ്ക്കാതെ മന്ത്രി ബാങ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ മന്ത്രി എം.വി. രാഘവൻ പ്രസംഗിക്കാനാരംഭിച്ചു. ഇത് പ്രതിഷേധക്കാരെ കൂടുതൽ പ്രകോപിതരാക്കി. സംഘർഷഭരിതമായ കൂത്തുപറമ്പിൽ പിന്നെ കേട്ടത് വെടിയൊച്ചകളുടെ കനത്ത ഇടിമുഴക്കമായിരുന്നു. പ്രതിഷേധക്കാരെ ലാത്തികൊണ്ട് ഒതുക്കാനാകില്ലെന്ന് മനസിലാക്കിയ പൊലീസ് അവർക്ക് നേരെ വെടിയുതിർക്കാനും കണ്ണീർ വാതക ഷെല്ലുകളും പൊട്ടിക്കാനും ആരംഭിച്ചു. ഇതോടെ പ്രതിഷേധക്കാർ ചിതറിയോടി. 

ഏകദേശം രണ്ടര മണിക്കൂറോളം നീണ്ടുനിന്ന വെടിവെയ്പ്പ്. മന്ത്രിയെ തടഞ്ഞെന്നതിൻറെ പേരിൽ പൊലീസ് നടത്തിയ വെടിവെയ്പ്പിൽ 5 ഡിവൈഎഫ്ഐ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. ഡിവൈഎഫ്ഐ പ്രവർത്തകരായ കെ കെ രാജീവൻ, ഷിബുലാൽ, ബാബു, മധു, റോഷൻ എന്നിവരാണ് രക്തസാക്ഷിത്വം വരിച്ചത്. ഇതിനിടയിൽ ചോരയിൽ കുളിച്ച് മടിയിൽവീണ സമരസഖാവിനെ താങ്ങുമ്പോൾ പുഷ്പനെന്ന 24കാരന്  പിൻകഴുത്തിൽ വെടിയേറ്റു. പുഷ്പന്റെ കഴുത്തിൽ തുളച്ചുകയറിയ വെടിയുണ്ട സുഷുമ്ന നാഡിക്കേൽപിച്ച ക്ഷതം വളരെ വലുതായിരുന്നു. പിന്നീട് ഒരിക്കലും എഴുന്നേൽക്കാനാകാത്ത വിധം പുഷ്പൻ കിടപ്പിലായി. ആ 24കാരനാണ് പിന്നീട് കേരളക്കര ഒന്നടങ്കടം ആവേശത്തോടെയും വീറോടെയും നോക്കിക്കാണുന്ന കൂത്തുപറമ്പിൻറെ സ്വന്തം വിപ്ലവസൂര്യനായി അറിയപ്പെട്ടത്.

പുഷ്പനെ തേടിയെത്തിയ അപ്രതീക്ഷിത വിധി

ഒരു സാധാരണ കർഷകത്തൊഴിലാളി കുടുംബത്തിൽ പിറന്ന പുഷ്പന് എട്ടാംക്ലാസ് വരെ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം നേടാനായത്. പാർട്ടിയോടും പ്രസ്ഥാനത്തോടും അളവറ്റ സ്നേഹവും ആവേശവുമായിരുന്നു പുഷ്പന്. സംഘടനാപ്രവർത്തനത്തിൽ സജീവമായിരുന്നെങ്കിലും കുടുംബം പോറ്റാൻ ജോലി ആവശ്യമാണെന്ന ഘട്ടത്തിൽ ബെംഗളൂരുവിനു വണ്ടി കയറിയേണ്ടി വന്നു. അവിടെ പലചരക്കുകടയിലായിരുന്നു ജോലി. അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സ്വാശ്രയവിദ്യാഭ്യാസ വിരുദ്ധ സമരത്തിന്റെ നടുവിലാണ് സംഘടനയെന്നറിയുന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല. പാർട്ടിക്കൊപ്പവും പ്രവർത്തകർക്കൊപ്പവും നിന്നുകൊണ്ട് പോർക്കളത്തിലേക്ക് എടുത്തുചാടി. മന്ത്രി എം വി രാഘവൻ വരുന്നതറിഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കൊപ്പം കരിങ്കൊടി കാണിക്കാൻ പുറപ്പെട്ട ആ യാത്രയാണ് സഖാവ് പുഷ്പന്റെ ജീവിതം മാറ്റിമറിച്ചത്.

മങ്ങാത്ത പോരാട്ടവീര്യം

ജീവിതം കിടക്കയിലായിപ്പോയെങ്കിലും പാർട്ടിയോടും പ്രസ്ഥാനത്തോടുമുളള പുഷ്പന്റെ സ്നേഹത്തിന് മാത്രം യാതൊരു കുറവും സംഭവിച്ചില്ല. പാർട്ടി പ്രവർത്തനങ്ങളെ കുറിച്ചും സഖാക്കളെ കുറിച്ചും നാട് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുമൊല്ലാം ആയിരുന്നു അപ്പോഴും പുഷ്പന്റെ ചിന്ത. സാമൂഹിക രാഷ്ട്രീയ രം​ഗത്തെ പ്രമുഖർ ദിനംപ്രതി പുഷ്പനെ കാണാനായി വീട്ടിലെത്തുമായിരുന്നു. അവരോടെല്ലാം പുഷ്പന് ചോദിക്കാനുണ്ടായിരുന്നത് കേരളത്തിന്റെ രാഷ്ട്രീയവും തന്റെ പാർട്ടിയെക്കുറിച്ചും സഖാക്കളെക്കുറിച്ചുമുള്ള വിശേഷങ്ങളായിരുന്നു. പിൽക്കാലത്ത് പാർട്ടി പുഷ്പനെ കൈവെടിഞ്ഞു എന്ന താരത്തിലുളള വാർത്തകളും മറ്റും പുറത്തുവന്നിരുന്നെങ്കിലും പുഷ്പനൊരിക്കലും തന്റെ പാർട്ടിയെയും പ്രസ്ഥാനത്തെയും തളളിപ്പറഞ്ഞിട്ടില്ല. തനിക്കൊപ്പം എന്നും താങ്ങായും തണലായും നിന്നത് പാർട്ടിയായിരുന്നെന്നായിരുന്നു പുഷപൻ എക്കാലവും പറഞ്ഞിരുന്നത്.

വീട്ടിനുള്ളിലെ കിടക്കയിൽക്കിടന്നും പുഷ്‌പൻ കേരളത്തിന്റെ വളർച്ചയും പുരോഗതിയും രാഷ്ട്രീയവുമെല്ലാം തൊട്ടറിയുകയായിരുന്നു. കാലങ്ങൾ മുന്നോട്ട് പോയപ്പോൾ കൂത്തുപറമ്പിലെ വിപ്ലവ​ഗാഥ പാർട്ടി മറന്നു. കൂത്തുപറമ്പ് രക്തസാക്ഷിത്വം  എക്കാലവും വാഴ്ത്തിപ്പാടിയിരുന്ന പാർട്ടി പക്ഷേ സ്വാശ്രയ വിദ്യാഭ്യാസത്തെ പിൽക്കാലത്ത് കൂട്ടുപിടിച്ചു. പാർട്ടിയുടെ നിലപാടുകളിൽ മാറ്റം വരുന്നത് കണ്ടിട്ടും പാർട്ടിക്കെതിരെ പുഷ്പൻ ശബ്​ദമുയർത്തിയില്ല. എന്നും പാർട്ടിയെ സ്നേ​ഹിക്കുന്ന നാടിനെ സ്നേഹിക്കുന്ന സഹജീവികൾക്ക് വേണ്ടി പോരാടുളള മനസുമായി പുഷ്പൻ ജീവിച്ചു. 

മേനപ്രത്തെ പുഷ്പന്റെ വീട് സിപിഎം നേതാക്കളുടെയും പ്രവർത്തകരുടെയും സന്ദർശന കേന്ദ്രമായിരുന്നു. പാർട്ടിയുടെ ദേശീയ നേതാക്കൾ ഉൾപ്പെടെ പുഷ്പന്റെ വീട് സന്ദർശിക്കാത്തവർ ചുരുക്കമെന്ന് തന്നെ പറയാം. ഈ അവസ്ഥയിലും പുഷ്പൻ അങ്ങോട്ടുചെന്ന് കണ്ടത് കൊടിയേരിയെ മാത്രമാണ്. തലശേരി ടൗൺഹാളിനു നടുവിൽ ചില്ലുകൂട്ടിലുറങ്ങിയ സഖാവിനെ കാണാൻ പുഷ്പനെത്തിയ നിമിഷം ഒരു സമ്മേളന നഗരിപോലെ മുദ്രാവാക്യത്താൽ മുഖരിതമായി. പുഷ്പൻ അങ്ങനെയായിരുന്നു. നിശ്ചലശരീരം കൊണ്ട് വിപ്ലവവീര്യം തീർത്ത സമരഭടൻ.

സിപിഎം പ്രസ്ഥാനത്തിന്റെ ചങ്കായി മാറിയ പുഷ്പനെ സഹന സൂര്യനായാണ് പാർട്ടി എക്കാലവും അവതരിപ്പിച്ചത്. ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്തെന്ന ചോദ്യത്തിന് നിസംശയം പുഷ്പനെ ചൂണ്ടിക്കാണിക്കാം. താൻ നേരിട്ട ദുരന്തത്തിൽ അദ്ദേഹം ഒരിക്കലും പശ്ചാത്തപിച്ചിട്ടില്ല. കാരണം, അദ്ദേഹത്തെ നയിച്ചത് സ്വാർത്ഥ മോഹങ്ങളായിരുന്നില്ല, മറിച്ച് നാടിനു വേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുമായിരുന്നു. പുഷ്പന്റെ രക്തസാക്ഷിത്വം സിപിഎമ്മിന് ഒരേ സമയം അടങ്ങാത്ത വേദനയും അണയാത്ത ആവേശവുമാണ്. ഒരു വിപ്ലവകാരിയുടെ ജീവിതമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പൻ്റേത്.

കാൽപതിറ്റാണ്ട് അനുഭവിച്ച യാതനകൾക്ക് വിരാമമിട്ട് പുഷ്പൻ മടങ്ങുകയാണ്. ഏതൊരു വിപ്ലവകാരിയുടെ മനസിലും അണയാത്ത കനലായി എക്കാലവും ജീവിക്കാനുളളതെല്ലാം ബാക്കിവെച്ചാണ് കൂത്തുപറമ്പിന്റെ വിപ്ലവസൂര്യൻ വിടവാങ്ങുന്നത്. 

ENGLISH SUMMARY:

Comrade who faced UDF terror without fear; know more about Comrade Pushpan.