pv-anvar-cm-reaction

സിപിഎമ്മിന് മുന്നറിയിപ്പുമായി പി.വി.അന്‍വര്‍. ഫോണ്‍ കോളുകളിലൂടെ മാത്രം, നിലമ്പൂര്‍ മേഖലയിലെ എല്‍.ഡി.എഫ്. പ‍ഞ്ചായത്തുകള്‍‌ താഴെവീഴ്ത്താന്‍ കഴിയും. പക്ഷേ അതിന് താന്‍ നില്‍‌ക്കുന്നില്ലെന്നും പി.വി.അന്‍വര്‍ പറഞ്ഞു.  രാഷ്ട്രീയ വിശദീകരണയോഗസ്ഥലത്ത് ഒരുക്കങ്ങള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അന്‍വര്‍.

 

അതേസമയം, ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ വിശദീകരണവുമായി പി.വി.അന്‍വര്‍ എം.എല്‍.എ. പ്രത്യേക ഉപകരണം ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയിട്ടില്ല.  ഫോണില്‍ നിന്ന് ഫോണിലേക്കുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്യുക മാത്രമാണ് ഉണ്ടായത്.  ഇക്കാര്യം ഐ.ജിക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പി.വി.അന്‍വര്‍ പറഞ്ഞു.  

ഇടത് ബന്ധം ഉപേക്ഷിച്ചതിന്റെ പിറ്റേദിവസം പി.വി.അന്‍വറിനെതിരെ പുതിയ കേസെടുത്ത് പൊലീസ്. ഫോണ്‍ ചോര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് കലാപത്തിന് ശ്രമിച്ചെന്ന പരാതിയില്‍ കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്. നെടുംകുന്നം സ്വദേശി സെപ്റ്റംബർ അഞ്ചിന് ഡിജിപിക്ക്  പരാതി നൽകിയിട്ടുണ്ടെങ്കിലും  ആഴ്ചകൾക്ക് ശേഷം മുന്നണി ബന്ധം ഉപേക്ഷിച്ചതോടെയാണ്  നടപടി .ജയിലിലടക്കട്ടേയെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം 

ഫോണ്‍ ചോര്‍ത്തിയെന്ന ഗുരുതര കുറ്റം അന്‍വര്‍ വെളിപ്പെടുത്തിയ ശേഷം 27 ദിവസം അദേഹം സര്‍ക്കാരിനൊപ്പം ഇടത് പാളയത്തിലായിരുന്നു. അതിനിടെ ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ തന്നെ കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ കേസെടുത്തിരുന്നില്ല. 27ന് ഉച്ചയ്ക്ക് 2.30ന് അന്‍വറുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി എം.വി.ഗോവിന്ദന്‍ പ്രഖ്യാപിച്ചു. പിറ്റേന്ന് തന്നെ ഡിജിപിയുടെ ഓഫീസിൽ ഉറങ്ങിക്കിടന്ന നെടുംകുന്നം സ്വദേശിയുടെ പരാതി കറുകച്ചാൽ സ്റ്റേഷനിലേക്ക് എത്തി. രാത്രി 8.20ന് എഫ്ഐആർ ഇട്ടു

ഒന്നാം തീയതി നടത്തിയ വാർത്ത സമ്മേളനത്തിനെതിരെ  അഞ്ചാം തീയതി ആയിരുന്നു തോമസ് ഡിജിപിക്ക് പരാതി നൽകിയത്. കേട്ടറിവെന്നതോ 28 ദിവസം പഴക്കമുള്ള കാര്യമെന്നതോ പരിഗണിക്കാതിരുന്ന പൊലീസ് മിനിറ്റുകൾക്കുള്ളിൽ കേസെടുത്തു. മുഖ്യമന്ത്രിയെ വെല്ലുവിളിച്ച ശേഷമുള്ള ആദ്യകേസ്. ഒരു വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കലാപശ്രമം എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെങ്കിലും ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്.നിയമലംഘിച്ചുള്ള തടയണയിലടക്കം അന്‍വറിനെ വഴിവിട്ട് സഹായിച്ചിരുന്ന സര്‍ക്കാര്‍ അന്‍വര്‍ ശത്രുപക്ഷത്തായതോടെ കേസെടുത്ത് ഭീഷണിപ്പെടുത്തൂവെന്ന ആരോപണമാണ് ശക്തമാകുന്നത്.

ENGLISH SUMMARY:

LDF panchayats in Nilambur will fall if two calls are made; Anwar with a warning