TOPICS COVERED

പി.വി അൻവർ എംഎൽഎയുടെ പാലക്കാട് അലനല്ലൂരിലെ പരിപാടിക്കിടെ മാധ്യമ പ്രവർത്തകർക്ക് മർദനം. അൻവറിന്‍റെ പ്രതികരണം തേടുന്നതിനിടെയാണ് നാട്ടുകാരിൽ ചിലർ മാധ്യമ പ്രവർത്തകരെ തടഞ്ഞ് ആക്രമിച്ചത്. തന്‍റെ അനുഭാവികളല്ല ആക്രമണത്തിന് പിന്നിലെന്ന് അൻവറും ചിലർ ബോധപൂർവം പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് സംശയിക്കുന്നതായി സംഘാടകരായ വ്യാപാരികളും പറഞ്ഞു. 

കോട്ടയത്ത് കേസ് എടുത്തതുമായി ബന്ധപ്പെട്ട് അൻവറിനോട്  പ്രതികരണം തേടുന്നതിനിടയിലായിരുന്നു  ആൾക്കൂട്ടത്തിനിടയിൽ നിന്നുള്ള ആക്രമണം. പി.വി അൻവർ സംസാരിച്ചു നടക്കുന്നതിനിടെ റോഡരികിൽ നിന്നയാൾ മാധ്യമ പ്രവർത്തകരുടെ കഴുത്തിന് കുത്തിപ്പിടിച്ച് ചവിട്ടുകയായിരുന്നു. 

നാല് മാധ്യമ പ്രവർത്തകർക്കാണ് മർദനമേറ്റത്. ഇതിനിടയിൽ നാട്ടുകാരിൽ ചിലർ ആക്രമണം നടത്തിയവർക്കെതിരെ തിരിഞ്ഞു. എം.എൽ.എ വാഹനത്തിൽ കയറി പരിപാടി സ്ഥലത്ത് നിന്നും മടങ്ങുകയും ചെയ്തു. പൊലീസും സംഘാടകരും ഇടപെട്ടാണ് ആക്രമണം നടത്തിയവരെ പിന്തിരിപ്പിച്ചത്. പി.വി അൻവറിന്‍റെ പ്രതികരണം ഇവിടെ നിന്നും തേടേണ്ടതില്ല എന്ന് മർദിച്ചയാൾ ആകോശിക്കുകയായിരുന്നു. 

ദൃശ്യങ്ങൾ പരിശോധിച്ച് ആക്രമണം നടത്തിയവർ ആരാണെന്ന്  തിരിച്ചറിയാൻ ശ്രമിക്കുകയാണെന്ന് നാട്ടുകൽ പൊലീസ് അറിയിച്ചു. തന്റെ അനുഭാവികൾ ആരും മാധ്യമപ്രവർത്തകരെ ആക്രമിക്കില്ലെന്ന് പി.വി അൻവറും ആക്രമണം നടത്തിവരുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് വ്യാപാരി വ്യവസായി ഭാരവാഹികളും അറിയിച്ചു.

ENGLISH SUMMARY:

Media workers beaten up during PV Anwar's event at Alanallur, Palakkad. While seeking Anwar's response, some of the locals stopped and attacked the media workers