student-death

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം മയ്യനാട് റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചു കടന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് ട്രെയിനിടിച്ചത്.  പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ കൂട്ടുകാർക്കു മുൻപിൽ വച്ചാണ് അപകടത്തില്‍പ്പെട്ടത്. മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ദേവനന്ദ ചാത്തന്നൂർ കോയിപ്പാട് വിളയിൽ വീട്ടിൽ അജി–ലീജ ദമ്പതികളുടെ മകളാണ്. 17വയസായിരുന്നു.  വൈകിട്ട് നാലരയോടെ സ്കൂൾ വിട്ടു വീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്. 

നാഗർകോവിൽ–കോട്ടയം പാസഞ്ചർ ട്രെയിൻ മയ്യനാട് സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‍ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. എൻജിനു മുന്നിലൂടെ പാളം കടന്ന് രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കയറുമ്പോഴാണ് മുംബൈയിൽനിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ് എത്തിയത്. സഹപാഠിക്കൊപ്പമാണ് ദേവനന്ദ പാളത്തിലേക്കു കടന്നത്. സുഹൃത്തുക്കൾ സഹപാഠിയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റിയെങ്കിലും   ദേവനന്ദയെ കയറ്റാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിൻ ഇടിച്ചു വീഴ്ത്തുകയായിരുന്നു. 

ചാത്തന്നൂർ ഭാഗത്തേക്കു പോകുന്ന കുട്ടികൾ സാധാരണ മയ്യനാട് ചന്തമുക്കിൽ നിന്നാണ് വീട്ടിലേക്കുള്ള ബസ് കയറുന്നത്. പാളത്തിന് അരികിലൂടെ ബസിൽ കയറാൻ ചന്തമുക്കിലേക്ക് എത്തുമ്പോഴാണ് അപകടം. കുട്ടികൾ ട്രെയിനിനു മുന്നിൽപെട്ടതറിഞ്ഞ് പാസഞ്ചർ ട്രെയിൻ ലോക്കോ പൈലറ്റ് നിർത്താതെ ഹോൺ അടിച്ചെങ്കിലും ഫലമുണ്ടായില്ല.

 ട്രെയിനിന്റെ ഹോണിനൊപ്പം എതിർ വശത്തു നിന്നു ട്രെയിൻ പാഞ്ഞെത്തിയപ്പോൾ ഭയപ്പെട്ടതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അമ്മ ലീജ വിദേശത്താണ്. ദേവപ്രിയ സഹോദരിയാണ്. ലീജ നാട്ടിൽ എത്തുന്നത് അനുസരിച്ച് സംസ്കാരം നിശ്ചയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

A student met a tragic end after being hit by a train while crossing the tracks.:

A student met a tragic end after being hit by a train while crossing the tracks. The accident occurred on the way to home from school at around 4:30 pm.