ശബരിമല സന്നിധാനത്തെ വിരിവയ്പ് കേന്ദ്രത്തിലെ മാലിന്യം എപ്പോൾ വൃത്തിയാക്കിയെന്ന് ഹൈക്കോടതി. ഈ മാസം 15നാണ് സന്നിധാനത്തേക്ക് തീർഥാടകർ എത്തിത്തുടങ്ങിയത്. 12 ദിവസത്തിന് ശേഷം 27നാണ് വിരിവെപ്പ് കേന്ദ്രം വൃത്തിയാക്കിയതെങ്കിൽ അത് ഗൗരവകരമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി
ശബരിമല സന്നിധാനത്തെ മാങ്കുണ്ട അയ്യപ്പ നിലയത്തിൽ മാലിന്യം കൂടിക്കിടക്കുന്നുവെന്ന മനോരമ ന്യൂസ് വാർത്തയിൽ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഇടപെട്ടത്. ദേവസ്വം ബോർഡിനോടും, സ്പെഷ്യൽ കമ്മീഷണറോടും ദേവസ്വം ബെഞ്ച് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ഇന്ന് വിഷയം പരിഗണിച്ചപ്പോൾ വിരിവെപ്പ് കേന്ദ്രം വൃത്തിയാക്കിയെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. നിലവിൽ തീർഥാടകർക്ക് ബുദ്ധിമുട്ടില്ലാതെ വിരിവെക്കാൻ സാധിക്കുന്നുണ്ടെന്നും എക്സിക്യൂട്ടീവ് ഓഫീസർ. എന്നാൽ എന്നാണ് വിരിവെപ്പ് കേന്ദ്രം വൃത്തിയാക്കിയതെന്ന് ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം ബെഞ്ച് ചോദിച്ചു.
ഈ മാസം 15 മുതലാണ് സന്നിധാനത്തേക്ക് തീർഥാടകർ എത്തിത്തുടങ്ങിയത്. 12 ദിവസത്തിന് ശേഷം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വിരിവെപ്പ് കേന്ദ്രം വൃത്തിയാക്കിയതെങ്കിൽ അത് ഗൗരവകരമെന്നും ദേവസ്വം ബെഞ്ച്. ചാനലിൽ വാർത്ത വരുന്നതിനു മുൻപ് തന്നെ വൃത്തിയാക്കിയിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസറുടെ മറുപടി. എങ്കിൽ ഇക്കാര്യങ്ങൾ സത്യവാങ്മൂലമായി നൽകാൻ കോടതി നിർദേശിച്ചു. മനോരമ ന്യൂസ് വാർത്ത പുറത്തുവന്നതിനുശേഷമാണ് വിരിവെപ്പ് കേന്ദ്രം ദേവസ്വം ബോർഡ് വൃത്തിയാക്കിയത്. ഇക്കാര്യം മറച്ചുവെച്ചാണ് എക്സിക്യൂട്ടീവ് ഓഫീസർ കോടതിയിൽ മറുപടി നൽകിയത്.