സാമൂഹ്യക്ഷേമ പെന്‍ഷനില്‍ വ്യാപകമായി തട്ടിപ്പുനടന്നുവെന്ന റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് കോട്ടയ്ക്കല്‍ നഗരസഭ. അനര്‍ഹര്‍ക്കെതിരെ 2022 ല്‍ നഗരസഭ പ്രാഥമിക നടപടിയെടുത്തിരുന്നുവെന്നും 28 പേരെ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തുവെന്നും നഗരസഭാധ്യക്ഷ വ്യക്തമാക്കി.
സര്‍വീസ് പെന്‍ഷന്‍ കൈപ്പറ്റുന്നവരും ആഡംബരക്കാര്‍ ഉടമകളും വരെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയെന്നാണ് സര്‍ക്കാരിന്‍റെ കണ്ടെത്തല്‍. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. പരിശോധന സംസ്ഥാനമാകെ വ്യാപിപ്പിക്കാനും ധനവകുപ്പ് തീരുമാനമെടുത്തു. അനര്‍ഹരായ മുഴുവന്‍ പേരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി. കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലാണ് ക്ഷേമ പെന്‍ഷനില്‍ അതീവ ഗുരുതരമായ പിഴവ് സംഭവിച്ചതായി കണ്ടെത്തിയത്. ഇവിടെ പട്ടികയില്‍ പേരുണ്ടായിരുന്ന 42 ഗുണഭോക്താക്കളില്‍ 38 പേരും പെന്‍ഷന് അനര്‍ഹരാണെന്നായിരുന്നു കണ്ടെത്തല്‍.