Untitled design - 1

പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ കാറിടിച്ചുവീഴ്ത്തി മൂന്നരക്കിലോ സ്വർണം കവർന്ന കേസിലെ പ്രതികൾ മോഷണ മുതലിൽപ്പെട്ട കൈച്ചെയിനുകൾ ഉപേക്ഷിച്ചത്  തൃശ്ശൂരിലെ ക്ഷേത്ര ഭണ്ഡാരത്തിൽ. പ്രതികൾ പറഞ്ഞതുപ്രകാരം വഞ്ചിയിൽ നിന്നാണ് ചെയിനുകൾ കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു. 

വാഹനാപകടത്തിൽ മരിച്ച സംഗീതജ്ഞൻ ബാലഭാസ്കറിൻറെ ഡ്രൈവർ അർജുനും ഈ മോഷണ സംഘത്തിലുണ്ട്.  കവർച്ചയ്ക്ക് ശേഷം തൃശ്ശൂർ ഭാഗത്തേക്ക് പോയ പ്രതികൾ കൈച്ചെയിനുകൾ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ ഇടുകയായിരുന്നു.

കൈച്ചെയിനുകൾ നഷ്ടപ്പെട്ടതായി ജ്വല്ലറി ഉടമകൾ പൊലീസിനെ അറിയിച്ചിരുന്നു. അത് കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പ്രതികളെ വീണ്ടും ചോദ്യം ചെയ്തത്. അപ്പോഴാണ് കൈച്ചെയിനുകൾ ക്ഷേത്ര ഭണ്ഡാരത്തിൽ കാണിക്കയിട്ടെന്ന് പ്രതികൾ പറഞ്ഞത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെ ബന്ധപ്പെട്ട് ഭണ്ഡാരം തുറന്നാണ് പൊലീസ് തൊണ്ടിമുതൽ കണ്ടെടുത്തത്. 

പിടിയിലായ പ്രതി അർജുനാണ് ബാലഭാസ്ക്കറിൻറെ കാർ അപകടത്തിൽപ്പെട്ടപ്പോൾ ഡ്രൈവ് ചെയ്തിരുന്നത്. അർജുന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണമുയർന്നിരുന്നു. ബാലഭാസ്ക്കറിൻറെ മരണവുമായി കേസിന് ബന്ധമില്ലെന്ന് ഡിവൈഎസ്പി ടി.കെ.ഷൈജു പറഞ്ഞതിന് പിന്നാലെ, മകന്റെ മരണം കൊലപാതകമെന്ന് ആവർത്തിച്ച് അച്ഛൻ കെ.സി ഉണ്ണി വീണ്ടും രംഗത്തെത്തി. സ്വർണക്കടത്ത് മാഫിയയാണ് മകൻറെ കൊലപാതകത്തിന് പിന്നിലെന്ന് ആവർത്തിക്കുകയാണ്  ബാലഭാസ്ക്കറിൻറെ പിതാവ്. 

സിബിഐ സ്വാധീനത്തിന് വഴങ്ങിയതോടെയാണ് തനിക്ക് നീതി നിഷേധിക്കപ്പെട്ടതെന്നാണ് ഉണ്ണിയുടെ ആരോപണം. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി അനന്തകൃഷ്ണൻ തന്നെ സമീപിച്ചിരുന്നു. അർജുനെ കുറിച്ച് പുതിയ വിവരങ്ങൾ പുറത്തുവന്നതിൻറെ അടിസ്ഥാനത്തിൽ തുടർനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും കേസ് തെളിയിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർ ഉദാസീനത കാട്ടിയെന്നും അദ്ദേഹം പറയുന്നു. 

ENGLISH SUMMARY:

Perinthalmanna Gold Robbery stolen chains were placed in the temple