Untitled design - 1

 ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധനേടി, കുട്ടികള്‍ക്കിടയില്‍ വൈറലായ കണ്ണൂർ സ്വദേശി തൊപ്പി രാസലഹരിക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയില്‍. എറണാകുളം സെഷൻസ് കോടതിയാണ് നിഹാദ് എന്ന തൊപ്പിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത്.

തൊപ്പിയുടെ വീട്ടിൽ നിന്നും, സുഹൃത്തിൽ നിന്നുമാണ് എംഡിഎംഎ പിടികൂടിയത്. നിഹാദിനൊപ്പം മൂന്ന് പെണ്‍സുഹൃത്തുക്കളും മുൻകൂർ ജാമ്യം തേടിയിരിക്കുകയാണ്. പാലാരിവട്ടം പൊലീസ് തൊപ്പിയുടെ വീട്ടിൽ നിന്ന് രാസലഹരി കണ്ടെത്തിയതിന് പിന്നാലെ കേസും രജിസ്റ്റർ ചെയ്തിരുന്നു.

നിഹാദിന്റെ 3 പെണ്‍ സുഹൃത്തുക്കളെ കൂടി പ്രതികളാക്കി പൊലീസ് കേസെടുത്തതോടെയാണ് എല്ലാവരും ഒളിവില്‍ പോയത്. നിഹാദിന്റെ ഡ്രൈവര്‍ ജാബിര്‍, സുഹൃത്തുക്കളായ മുഹസിബ്, മുഹമ്മദ് സുഹൈല്‍ എന്നിവരാണ്  കേസിലെ പ്രതികള്‍. ഈ മാസം 16നാണ് തളിപ്പറമ്പ് സ്വദേശിയായ തൊപ്പിയുടെ തമ്മനത്തെ അപ്പാര്‍ട്ടമെന്റില്‍ നിന്ന് ഡാന്‍സഫ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തി രാസലഹരി പിടികൂടിയത്.

‘തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി നിഹാദ് യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു.

വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്നും നിഹാദ് വീഡിയോയിൽ പറഞ്ഞിരുന്നു. ആറ് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സാണ് യൂട്യൂബിൽ തൊപ്പിക്കുള്ളത്. ഇതില്‍ ഏറിയ പങ്കും കുട്ടികളാണ്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് തൊപ്പിയുടെ വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാർ. തൊപ്പിയുടെ ലൈവ് വീഡിയോസിലൂടെ കുട്ടികൾ വഴിപിഴയ്ക്കുന്നു എന്ന ആരോപണം ഉയർന്നിരുന്നു. കേട്ടാലറയ്ക്കുന്ന മോശം പദപ്രയോഗങ്ങള്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുക, സ്ത്രീകളെയാകെ മോശമായി ചിത്രീകരിക്കുക തുടങ്ങിയ മനോഭാവങ്ങളാണ് തൊപ്പിയുടെ വീഡിയോകളിൽ അധികവും. വീഡിയോയിലെ സ്ത്രീവിരുദ്ധതയും അശ്ശീല പരാമര്‍ശവും ചൂണ്ടിക്കാണിച്ച് നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ENGLISH SUMMARY:

youtuber thoppi and 3 girlfriends sought anticipatory bail in drug case