പതിനെട്ടാംപടി കയറിവരുന്ന ബലിക്കല്‍ പുര വഴി തിരുനടയിലെത്തിയുള്ള ദര്‍ശനത്തിനെ അനുകൂലിച്ച് തന്ത്രി കണ്ഠര് രാജീവര് . പ്രായോഗിക വശങ്ങള്‍ പരിശോധിക്കേണ്ടത് ദേവസ്വം ബോര്‍ഡെന്നും രാജീവര് മനോരമ ന്യൂസിനോട് പറഞ്ഞു. പതിനെട്ടാംപടി കയറിവരുന്ന ഭക്തര്‍ക്ക് ക്യൂ നില്‍ക്കാതെ ദര്‍ശനത്തിനുള്ള സാധ്യത ദേവസ്വം ബോര്‍ഡ്തേടുന്നതിനിടെയാണ് തന്ത്രിയുടെ പ്രതികരണം.
പതിനെട്ടാംപടി കയറിയെത്തുന്നവര്‍ക്കായി നിലവിലെ ദര്‍ശന രീതി മാറ്റി പുതിയ പരീക്ഷണത്തിനായി ദേവസ്വം ബോര്‍ഡ് ഒരുങ്ങുമ്പോഴാണ് തന്ത്രിയുടെ പിന്തുണ. എന്നാല്‍ രണ്ടുതവണ പരീക്ഷിച്ച് പരാജയപ്പെട്ടതിനാല്‍ നടപ്പാക്കുന്നതിനു മുന്‍പ് എല്ലാ പ്രായോഗിക വശങ്ങളും പരിശോധിക്കണമെന്നും ദേവസ്വം ബോര്‍ഡിനെ ഓര്‍മപ്പെടുത്തുന്നു. ബലിക്കല്‍ പുരയിലൂടെ തിരുനടയിലെത്താനുള്ള സ്ഥലപരിമിതി തന്നെയാണ് തന്ത്രിയും പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ മിനിട്ടില്‍ പടികയറിയെത്തുന്ന 85 പേര്‍ ഒരേസമയം ബലിക്കല്‍ പുരയിലെത്തുമ്പോള്‍ വിചാരിച്ച രീതിയില്‍ മുന്നോട്ടുപോയില്ലെങ്കില്‍ പതിനെട്ടാംപടിക്ക് താഴെയുള്ള കാത്തിരിപ്പു നീളുമെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ പതിനെട്ടാം പടി കയറി ഫ്ലൈഓവറിലൂടെയാണ് ഭക്തര്‍ തിരുനടയിലെത്തുന്നത്. പലപ്പോഴും മിന്നായം പോലെയാണ് ഭക്തര്‍ക്ക് ദര്‍ശനം കിട്ടുന്നത്. ഇതു പരാതിയായതോടെയാണ് പതിനെട്ടാംപടി കയറി നേരെ തിരുനടയിലെത്തിക്കാന്‍ ദേവസ്വം ബോര്‍ഡ് ആലോചന തുടങ്ങിയത്.