ഉരുൾപൊട്ടൽ ദുരന്തം നടന്ന് മാസം നാല് പിന്നിട്ടെങ്കിലും പുഴയിൽ അടിഞ്ഞു കൂടിയ മരങ്ങളും അവശിഷ്ടങ്ങളും ഇനിയും നീക്കിയില്ല. നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാരും കലക്ടറും നാട്ടുകാർക്ക് ഉറപ്പു നൽകിയതാണെങ്കിലും ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. മഴക്കാലം വരുമ്പോൾ പുഴയിലെ ഒഴുക്കു തടസ്സപ്പെട്ട് വെള്ളം കരയിലേക്ക് എത്തുമോയെന്ന ആശങ്കയാണ് നാട്ടുകാർക്ക്.
ഉരുൾ പൊട്ടലുണ്ടായ ഭാഗത്തു നിന്ന് ഒഴുകിയും ഉരുണ്ടും എത്തിയ പാറക്കല്ലുകളും മരങ്ങളും മയ്യഴി പുഴയിൽ അടിഞ്ഞുകൂടിക്കിടക്കുന്ന കാഴ്ചയാണിത്. മരങ്ങളുടെ ഉടമസ്ഥർ ആരെന്നത് അവ്യക്തമായി തുടരുന്നതിനാൽ ആരും നീക്കം ചെയ്യുന്നില്ല. മഴക്കാലത്ത് വെള്ളം ഒഴുകാതെയായാൽ അത് പുഴയോടു ചേർന്നു വീടു വച്ചു താമസിക്കുന്നവരെയും വിലങ്ങാട് അങ്ങാടിയിലെ വ്യാപാരികളെയും അതു ബാധിക്കും.
പുഴയുടെ വശങ്ങളും ഇടിയുകയാണ്. പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയുമില്ല എന്ന നാട്ടുകാർ ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായിട്ടുള്ള പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ