എത്ര തല്ലി ഒതുക്കാൻ നോക്കിയാലും വയനാട്ടിലെ വലിയ ദുരന്തത്തെ അതിജീവിച്ചവർക്ക് മുന്നിൽ സർക്കാരുകൾ മറ്റൊരു ദുരന്തമായി മാറിയാൽ അത് ചോദ്യം ചെയ്യുമെന്ന് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. കൊണ്ട തല്ലിനും ഒഴുക്കിയ ചോരയ്ക്കും ഈ നാട് കണക്ക് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
മുണ്ടക്കൈ– ചൂരല്‍മല പുനരധിവാസം വൈകുന്നെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് വയനാട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍, യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് വളഞ്ഞിട്ട് തല്ലിയതിന്‍റെ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ പോസ്റ്റ്. ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റിന് ഉള്‍പ്പെടെ മര്‍ദനമേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ചെന്നാരോപിച്ച് പൊലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് സംഘര്‍ഷത്തിലേക്ക് നീണ്ടത്. അഞ്ചുവട്ടം പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസിനുനേരെ പ്രവര്‍ത്തകര്‍ കല്ലെറിയുകയും ചെയ്തു.