കുട്ടികളെ പരിചരിക്കുന്നതിൽ മുൻകാലങ്ങളിൽ വീഴ്ച വരുത്തിയ ആയമാരെയും ജോലിയിൽ നിന്ന് ഒഴിവാക്കാൻ ശിശുക്ഷേമ സമിതി തീരുമാനം. നിയമനത്തിന് മുമ്പ് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കും. മുഴുവൻ കുട്ടികൾക്കും കൗൺസലിങ് ആവശ്യപ്പെട്ട് ഡി എം ഒ യ്ക്ക് കത്ത് നല്കി. അപ്പോഴും നേതൃത്വത്തിലുള്ള കൊലക്കേസ് പ്രതിയേക്കുറിച്ചും കുട്ടിയോട് അപമര്യാദയായി പെരുമാറിയ ആളെക്കുറിച്ചും മിണ്ടാട്ടമില്ല.
രണ്ടര വയസുകാരി ക്രൂര പീഢനത്തിനിരയായ കേസിന്‍റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ മുൻകാല ചെയ്തികളും വിലയിരുത്താൻ ശിശുക്ഷേമ സമിതി തീരുമാനം. പരിശോധന നടത്തി മുമ്പ് കുട്ടികളെ ഉപദ്രവിച്ച കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ ഒഴിവാക്കും.
കുട്ടികളോട് മോശമായി പെരുമാറിയതിന് ഇടത് യൂണിയന്‍ നേതാവിന്റെ ഭാര്യയായ ആയയെ ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലം മാറ്റിയെങ്കിലും സ്വാധീനം ചെലുത്തി അധികം വൈകാതെ തിരികെയെത്തിയിരുന്നു. കുട്ടികളെ ഉപദ്രവിക്കുന്നവരെ സംരക്ഷിക്കുന്നുവെന്ന വ്യാപക ആക്ഷേപങ്ങൾക്കിടെയാണ് സമിതി തീരുമാനം. എല്ലാ ജീവനക്കാരുടേയും മാനസിക, സാമൂഹിക സ്ഥിതി പരിശോധിക്കാൻ എക്സാമിനേഷൻ ബോർഡ് രൂപീകരിക്കും. നിയമനത്തിന് മുമ്പ് പൊലീസ് ഉദ്യോഗാർഥികളുടെ പശ്ചാത്തലം പരിശോധിക്കും. ആയ മാരിൽ പകുതി പേരും കുട്ടികളോട് ദയ വില്ലാതെ പെരുമാറുന്നവരാണെന്ന മുൻ ആയയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് തുടർനടപടി. എന്നാൽ
സ്ഥാപനത്തിലെ ഇടത് സംഘടനയെ നയിക്കുന്ന കൊലക്കേസ് പ്രതിയേക്കുറിച്ച് മിണ്ടാട്ടമില്ല . മണ്ണന്തല രഞ്ജിത് കൊലക്കേസിലെ നാലാം പ്രതിയായ വി അജികുമാറിനെ സ്റ്റാഫ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത് അടുത്തിടെയാണ്. ലോക്കല്‍ കമ്മിററിയംഗവുമാണ് അജികുമാര്‍. പഠന ക്യാംപില്‍ കുട്ടിയോട് അപമര്യാദയായി പെരുമാറിയ ആളും ഭരണ സമിതിയിലുണ്ടെങ്കിലും അതേക്കുറിച്ചും അറിഞ്ഞ മട്ടില്ല പാര്‍ട്ടിയിൽ ഉന്നത സ്ഥാനമോ ബന്ധുത്വമോ ഉളളവർ എത്ര സ്വഭാവ ദൂഷ്യം ഉള്ളവരോ കുട്ടികളെ ഉപദ്രവിച്ചവരോ ആണെങ്കിലും തുടർന്നോട്ടെ എന്നാണ് ശിശുക്ഷേമം പ്രസംഗിക്കുന്നവരുടെ നയം.