ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ മുക്കിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. പുറത്തുവിടണമെന്ന അപ്പീലില്‍ തീരുമാനമെടുക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ വിവരാവകാശ കമ്മീഷന് പുതിയ പരാതി ലഭിച്ചതോടെ ഉത്തരവ് പ്രഖ്യാപിക്കുന്നത് മാറ്റി. എന്നാല്‍ ആരുടെ പരാതിയെന്നതടക്കം രഹസ്യമാക്കിവെച്ചിരിക്കുകയാണ്. ചലച്ചിത്രലോകത്തെ പ്രമുഖരുടെ ലൈംഗിക ചൂഷണത്തേക്കുറിച്ചുള്ള ഭാഗമായിരുന്നു സര്‍ക്കാര്‍ അനധികൃതമായി വെട്ടിമാറ്റിയത്.
നാലരവര്‍ഷത്തോളം പൂഴ്ത്തിയ ശേഷമാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചലച്ചിത്ര ലോകത്തെ അതിപ്രശസ്തനായ വ്യക്തി വരെ ലൈംഗിക ചൂഷണം നടത്തിയെന്ന് ഗുരുതര വെളിപ്പെടുത്തലാണ് 96 ാം പാരഗ്രാഫിലുള്ളത്. എന്നാല്‍ അതിന് ശേഷമുള്ള 11 പാരഗ്രാഫുകള്‍ റിപ്പോര്‍ട്ടിലില്ല. പുറത്തുവിടുന്ന വിഭാഗത്തിലുള്‍പ്പെടുത്തിയ ശേഷം ഈ ഭാഗങ്ങള്‍ സര്‍ക്കാര്‍ അനധികൃതമായി വെട്ടിമാറ്റുകയായിരുന്നു. അതിനെതിരെ മനോരമ ന്യൂസിലെ പി.വി.രതീഷ് ഉള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ അപ്പീലില്‍ ഇന്ന് തീരുമാനമെന്നായിരുന്നു വിവരാവകാശ കമ്മീഷന്റെ ഇന്നലത്തെ അറിയിപ്പ്.
രാവിലെ 11 മണിയോട് ഉത്തരവിറക്കുമെന്ന് അറിയിച്ചതോടെ അപ്പീല്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകരടക്കം തിരുവനന്തപുരത്തെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഓഫീസിലെത്തി. കാത്തുനില്‍ക്കുന്നതിനിടെയാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനെന്ന് ഇന്ന് ഉത്തരവില്ലെന്ന് അറിയിച്ചത്. പുതിയ ഒരു പരാതി ലഭിച്ചെന്നും അതുകൂടി പരിഗണിച്ച ശേഷമാണ് ഉത്തരവെന്നുമായിരുന്നു വിശദീകരണം. അതിനപ്പുറം ആരുടെ പരാതി, എന്താണ് ഉള്ളടക്കം എന്നതിലൊന്നും മറുപടിയില്ല. എന്നാല്‍ സര്‍ക്കാരിന് ഒളിക്കാനൊന്നുമില്ലെന്നാണ് മന്ത്രി ആവര്‍ത്തിക്കുന്നത്.
മന്ത്രി പരസ്യമായി ഇങ്ങിനെ പറയുമ്പോഴും വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടാനാവില്ലെന്നാണ് മന്ത്രിയുടെ വകുപ്പിലെ പ്രതിനിധികള്‍ വിവരാവകാശ കമ്മീഷന്റെ മുന്നിലെടുത്ത നിലപാട്. അതിനാല്‍ സര്‍ക്കാരിന് സഹായിക്കാനുള്ള ആരെങ്കിലുമാണോ അവസാനനിമിഷം പരാതിയുമായെത്തിയതെന്ന സംശയമാണ് ബലപ്പെടുന്നത്.