ഹേമ കമ്മറ്റി റിപ്പോർട്ടിൽനിന്ന് വെട്ടിയ പേജുകള്‍ പുറത്തുവിടുന്നതിനെ സര്‍ക്കാര്‍ ഭയപ്പെടുന്നില്ലെന്ന് മന്ത്രി സജി ചെറിയാന്‍ . വിവരാവകാശ കമ്മീഷന്‍ പറഞ്ഞ വിവരങ്ങള്‍ പുറത്തുവിട്ടു. സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയിട്ടില്ല. സര്‍ക്കാര്‍ നിലപാട് ക്രിസ്റ്റല്‍ ക്ലിയറാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
Read Also: ഹേമ കമ്മിറ്റിയില്‍ സര്‍ക്കാര്‍ വെട്ടിയ ഭാഗങ്ങള്‍ പുറത്തുവരുമോ?
ഹേമ കമ്മറ്റി റിപ്പോർട്ടിൽനിന്ന് വെട്ടിയ ഭാഗങ്ങൾ ഇന്ന് പുറത്തുവരാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. വെട്ടി മാറ്റിയ ഭാഗങ്ങൾ പുറത്തുവിടണമെന്ന അപ്പീലിൽ വിവരാവകാശ കമ്മിഷൻ ഉത്തരവ് പുറപ്പെടുവിക്കും. സർക്കാർ നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ 11 പാരഗ്രാഫുകളും 4 പേജുകളും അനധികൃതമായി വെട്ടി മാറ്റി എന്നാണ് ആരോപണം. ഈ ഭാഗങ്ങൾകൂടി പുറത്തുവിടണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ അടക്കം ഒട്ടേറെപേർ വിവരാവകാശ കമ്മീഷനിൽ അപ്പീൽ നൽകിയിരുന്നു.
ആ അപ്പീൽ പരിഗണിച്ചാണ് ഇന്ന് ഉത്തരവ് വരുന്നത്. അപ്പീൽ അംഗീകരിച്ചാൽ രഹസ്യമാക്കി വെച്ചിരിക്കുന്ന ഭാഗം പുറത്തുവിടാൻ സാംസ്കാരിക വകുപ്പ് നിർബന്ധിതരാകും. ചലച്ചിത്ര മേഖലയിലെ അതിപ്രശസ്തനെതിരെ ലൈംഗിക പീഡന ആരോപണമുണ്ട് എന്ന് വെളിപ്പെടുത്തുന്ന പാരഗ്രാഫിന് ശേഷമുള്ള 11 പാരഗ്രാഫുകളാണ് അനധികൃതമായി വെട്ടി മാറ്റിയത്.
ഈ ഭാഗങ്ങൾ അനധികൃതമായി വെട്ടി മാറ്റിയത് അല്ലെന്നും മൊഴി നൽകിയവരുടെ സ്വകാര്യത പരിഗണിച്ച് പുറത്തുവിടേണ്ട എന്ന് നേരത്തെ തന്നെ തീരുമാനിച്ച ഭാഗങ്ങളിൽ ഉൾപ്പെട്ടതാണെന്നുമാണ് സർക്കാരിന്‍റെ വിശദീകരണം. അതുകൊണ്ട് അപ്പീല്‍ സർക്കാർ എതിർത്തിരുന്നു. ഈ രണ്ടു വാദങ്ങൾ പരിഗണിച്ചായിരിക്കും വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.