TOPICS COVERED

തുടര്‍ച്ചയായ മഴയ്ക്ക് ശമനമാകുന്നു. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴകുറയുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. കാലവര്‍ഷത്തിന് പിറകെ തുലാവര്‍ഷവും  തകര്‍ത്തുപെയ്തതായി  കണക്കുകള്‍ കാണിക്കുന്നു. ജൂലൈമാസത്തിലാണ് ഏറ്റവും തീവ്രമഴ ലഭിച്ചത്. 

ആറുമാസമായി  ഇങ്ങനെ നിന്നു പെയ്യുന്ന മഴ വരും ആഴ്ച മുതല്‍ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. തെളിഞ്ഞ പകലുകളും തണുപ്പുള്ള വൈകുന്നേരങ്ങളും ഇനിമുതല്‍ പ്രതീക്ഷിക്കാം. നിരന്തരമായ ഓറഞ്ച് റെഡ് അലര്‍ട്ടുകളും ന്യൂനമര്‍ദ്ദങ്ങളും ചക്രവാതചുഴികളും എല്ലാം ചേര്‍ന്ന മഴക്കാലമാണ് അതിന്‍റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. 

ഇത്തവണ ഇടവപ്പാതിയും തുലാവര്‍ഷവും നല്ലതോതില്‍ ലഭിച്ചു, രണ്ടുമഴക്കാലങ്ങള്‍ക്കിടയില്‍ ഇടവേളയും ഉണ്ടായില്ല.   ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ അഞ്ചു വരെയുള്ള കണക്കനുസരിച്ച് 27 ശതമാനം അധികം തുലാമഴയാണ് കേരളത്തിന് കിട്ടിയത്.  തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം , എറണാകുളം , പാലക്കാട്  എന്നീ അഞ്ചു ജില്ലകളില്‍ അധികം മഴ ലഭിച്ചു. പത്തനംതിട്ടയിലാണ് തുലാവര്‍ഷം തകര്‍ത്തു പെയ്തത്. 94 ശതമാനം അധികം മഴയാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. ആറുമാസത്തെ മഴക്കാലത്തിനിടെ  തീവ്ര മഴയും ഏറ്റവും ഭീകരമായ ദുരന്തവും ഉണ്ടായത് ജൂലൈയിലാണ്.  ജൂലൈ പതിനൊന്നു മുതല്‍ ഒരാഴ്ച സംസ്ഥാനത്ത് പെരുമഴയായിരുന്നു. സാധാരണ കിട്ടേണ്ടതിനെക്കാള്‍ 56 ശതമാനം മഴ അധികം പെയ്തു. എന്നാല്‍ 30 ശതമാനം മഴ കുറഞ്ഞ വയനാട്ടിലാണ് ജൂലൈ മാസം അവസാനിക്കുന്ന മണിക്കൂറുകളില്‍ മഹാദുരന്തം പെയ്തിറങ്ങയത്.

ENGLISH SUMMARY:

The Meteorological Department has said that the rainfall will decrease in the coming days in Kerala