മനുഷ്യക്കടത്തിന് ഇരയായി റഷ്യയിൽ അകപ്പെട്ട് തൃശൂര്‍ സ്വദേശികളായ രണ്ടു യുവാക്കൾ. തൃശൂർ കുരാഞ്ചേരി സ്വദേശികളായ ജെയ്ൻ, ബിനിൽ എന്നിവരാണ് മനുഷ്യക്കടത്തിന് ഇരയായത്. കഴിഞ്ഞ എട്ടു മാസത്തോളമായി ഇരുവരും റഷ്യയിൽ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് വിവരം.
ഒരു കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തിയത്. ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിൽ എത്തിച്ചത്. എന്നാല്‍ മലയാളി ഏജന്റ് കബളിപ്പിച്ചതിനെ തുടർന്ന് ജെയ്നും ബിനിലും കൂലിപ്പട്ടാളത്തിന്‍റെ കൂട്ടത്തില്‍പെട്ടു. യുദ്ധമുഖത്ത് എന്തും സംഭവിക്കാം, പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു എന്നാണ് ജെയ്ൻ, കുടുംബത്തിന് അയച്ച അവസാനത്തെ സന്ദേശം.
ജെയിനിനെയും ബിനിലിനെയും നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളിൽ റഷ്യൻ എംബസി സഹകരിക്കുന്നില്ല എന്നാണ് ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ച വിവരം. എത്രയും പെട്ടെന്ന് ഇരുവരെയും നാട്ടിലെത്തിക്കണം എന്നാണ് ഇവരുടെ കുടുംബത്തിന്‍റെ അപേക്ഷ.