മലയാളികളായ രണ്ടു യുവാക്കള്‍ റഷ്യ, യുക്രെയ്ന്‍ യുദ്ധമേഖലയില്‍ കുടുങ്ങി. ഇലക്ട്രിഷന്‍ ജോലിയ്ക്കായി റഷ്യയില്‍ പോയ തൃശൂര്‍ കുറാഞ്ചേരി സ്വദേശികളായ രണ്ടു പേരാണ് യുദ്ധമേഖലയില്‍ കുടുങ്ങിയത്. യുവാക്കളുടെ ദുരിത ചിത്രങ്ങളും അവര്‍ അവസാനമായി അയച്ച ഓഡിയോ സന്ദേശവും മനോരമ ന്യൂസിന് ലഭിച്ചു.
ഈ ചിത്രങ്ങളും ഓഡിയോയും കേട്ടതോടെ രണ്ടു യുവാക്കളുടേയും കുടുംബം നീറിനീറി കഴിയുകയാണ്. തൃശൂര്‍ കുറാഞ്ചേരി സ്വദേശിയായ ജെയ്നും ബിനിലുമാണ് കഴിഞ്ഞ ഏപ്രിലില്‍ റഷ്യയില്‍ പോയത്. ഇലക്ട്രിഷന്‍ ജോലികള്‍ക്കായാണ് പോയത്. കുടുംബം പോറ്റാന്‍ ഭേദപ്പെട്ട ജോലി തേടിയായിരുന്നു റഷ്യന്‍ യാത്ര. ഇലക്ട്രിഷന്‍ ജോലിയ്ക്കു പകരം കിട്ടിയത് കൂലിപ്പട്ടാളത്തിന്റെ പണി. റഷ്യക്കാരായ പട്ടാളക്കാര്‍ക്കായി ട്രഞ്ച് ഒരുക്കുക. അവരുടെ സഹായികളായി പ്രവര്‍ത്തിക്കുക. ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള പണി. ഇതു മാത്രമല്ല, ഇവരുടെ പാസ്പോര്‍ട്ടും മറ്റു യാത്രാരേഖകളും നഷ്ടപ്പെട്ടു. ബിനില്‍ റഷ്യയില്‍ പോകുമ്പോള്‍ ഭാര്യ ഗര്‍ഭിണിയായിരുന്നു. ഇപ്പോള്‍ ഒരാണ്‍ കുഞ്ഞിന് ജന്‍മം നല്‍കി. മകനെ നേരിട്ട് കാണാന്‍ പോലും ബിനിലിന് കഴിഞ്ഞിട്ടില്ല.
ഈ അമ്മ വിങ്ങിപ്പൊടുന്നത് മകന്റെ മടങ്ങി വരവിനു വേണ്ടിയാണ്. ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ അല്ലാതെ മറ്റാര്‍ക്കു മടങ്ങിവരവ് യാഥാര്‍ഥ്യമാക്കാന്‍ കഴിയില്ല. ഇന്നലെയാണ് ഫോണില്‍ അവസാനമായി സംസാരിച്ചത്. ഇനി ഫോണ്‍ ചെയ്യാന്‍ പറ്റുമോയെന്ന് അറിയില്ലെന്ന് ഇരുവരും കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു.