ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ എടുത്ത 32 കേസുകളിൽ നിലവിൽ അന്വേഷണം നടന്നുവരികയാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇതിൽ 11 കേസുകളും ഒരൊറ്റ അതിജീവിതയുമായി ബന്ധപ്പെട്ടതാണെന്നും സർക്കാർ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ ആരെയൊക്കെ ബന്ധപ്പെടണമെന്ന് അന്വേഷണ സംഘത്തിന് തീരുമാനിക്കാം എന്ന് കോടതി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കവെയാണ് അന്വേഷണ പുരോഗതിയെ കുറിച്ച് സംസ്ഥാന സർക്കാർ അറിയിച്ചത്. റിപ്പോർട്ടിന്മേൽ എടുത്ത 32 കേസുകളിൽ നിലവിൽ അന്വേഷണം നടന്നുവരികയാണ്. നാല് കേസുകള്‍ പ്രാഥമികാന്വേഷണം നടത്തിയപ്പോൾ തെളിവുകളില്ലാത്തതിനാൽ അവസാനിപ്പിച്ചു. 4 കേസുകളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിന് അന്വേഷണ സംഘം ഡിജിപിയുടെ അനുമതി തേടിയിരിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി. ഭീഷണി നേരിടുന്ന അതിജീവിതകളുടെ സംരക്ഷണത്തിന് നോഡൽ ഓഫീസറായി പ്രത്യേക അന്വേഷണ സംഘത്തിലെ എഐജി ജി.പൂങ്കഴലിയെ നിയമിച്ച കാര്യവും സർക്കാർ അറിയിച്ചു. Also Read: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടുന്നത് വൈകും...
ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ പലരെയും പ്രത്യേക അന്വേഷണസംഘം ബന്ധപ്പെട്ടിട്ടില്ലെന്ന് ഡബ്യുസിസി അറിയിച്ചു. എല്ലാവരെയും ബന്ധപ്പെടുന്നുണ്ടെന്നായിരുന്നു സർക്കാരിന്റെ മറുപടി. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പ്രത്യേക അന്വേഷണ സംഘമാണെന്ന് കോടതിയും വ്യക്തമാക്കി. ഹർജികൾ ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരുടെ പ്രത്യേക ബെഞ്ച് ഈ മാസം 19ന് വീണ്ടും പരിഗണിക്കും.
കോടതിയുടെ അന്തസ്സും വിശ്വാസ്യതയും സംരക്ഷിക്കാൻ സഹജമായ ശേഷി കോടതിക്കു തന്നെ ഉണ്ടെന്നും പുറത്തു നിന്നുള്ള ഇടപെടൽ ആവശ്യമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കോടതിയുടെ അന്തസും വിശ്വാസ്യതയും സംരക്ഷിക്കാൻ തന്നെയും കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്.