നിയമവിരുദ്ധമെന്ന് കണ്ടെത്തിയിട്ടും സംസ്ഥാനത്ത് അനധികൃത റെന്‍റ് എ കാര്‍ ആപ്പ് സൂംകാറിന്‍റെ പ്രവര്‍ത്തനം നിയന്ത്രണമില്ലാതെ തുടരുന്നു. 2019 മുതല്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ആപ്പിന്‍റെ പ്രവര്‍ത്തനം തടയാന്‍ കോടതി നിര്‍ദേശിച്ചിട്ടും നടപടിയില്ല. ആയിരകണക്കിന് വാഹനയുടമകളാണ് അനധികൃത ആപ്പിന്‍റെ ഭാഗമായി ഗുരുതര നിയമലംഘനത്തിന് കൂട്ടു നില്‍ക്കുന്നത്. മനോരമ ന്യൂസ് അന്വേഷണം 'കാറിനും ആപ്പ്' തുടരുന്നു.
ഒരു ലൈസന്‍സുമില്ലാതെയാണ് സംസ്ഥാനത്ത് സൂംകാര്‍ ആപ്പിന്‍റെ പ്രവര്‍ത്തനമെന്ന് ഹൈക്കോടതി വിധി പറഞ്ഞത് കഴിഞ്ഞമാസം 25നാണ്. സൂം കാർ ആപിന്‍റെ പ്രവർത്തനം നിയമവിരുദ്ധമെന്ന മനോരമ ന്യൂസ് വാർത്ത ശരിവെക്കുകയായിരുന്നു ഹൈക്കോടതി. നിയമലംഘനം സൈബർ കുറ്റകൃത്യമാണെന്നും കർശന നടപടിയെടുക്കണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശം. രണ്ടാഴ്ച പിന്നിടുമ്പോളും സൂംകാറിന്‍റെ തട്ടിപ്പും കൊള്ളയും നിര്‍ബാധം തുടരുകയാണ്.
ഹൈക്കോടതി നിര്‍ദേശപ്രകാരം മോട്ടോര്‍വാഹന വകുപ്പും സൂമിന്‍റെ പ്രവര്‍ത്തനം വിശദമായി അന്വേഷിച്ചു. 2019ന് ശേഷം ഒരു ലൈസന്‍സുമില്ലാതെ പ്രവര്‍ത്തിക്കുന്ന ആപ്പ് നിരോധിക്കണമെന്ന് എറണാകുളം ആര്‍ടിഒ റിപ്പോര്‍ട്ടും നല്‍കി. എന്നിട്ടും ആപ്പിനെ തൊടാന്‍ കഴിഞിട്ടില്ല. ഇത്രയും ഗുരുതരമായ നിയമലംഘനങ്ങള്‍ പകല്‍പോലെ വ്യക്തമായിട്ടും തടയാന്‍ ഒരു നടപടിയില്ലാത്തത് ദുരൂഹമാണ്.