സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുട മുശാവറ യോഗത്തിൽ നിന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി. ജോ.സെക്രട്ടറി ഉമർഫൈസി മുക്കത്തിനെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു പ്രസിഡന്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ഉമർഫൈസി മുക്കം നടത്തിയ ‘കള്ളൻമാർ’ എന്ന പ്രയോഗത്തിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
മുക്കം ഉമർഫൈസി മുസ് ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ചു പ്രസംഗിച്ചെന്നു സമസ്ത നേതൃത്വത്തിനു പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ ചർച്ച നടക്കുന്നതിനു മുന്നോടിയായി ഉമർഫൈസി മുക്കത്തിനോട് യോഗത്തിൽ നിന്നു പുറത്തു നിൽക്കാൻ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഉമർഫൈസി മുക്കം ഇതിനു വിസമ്മതം അറിയിച്ച് യോഗത്തിൽ തന്നെ തുടരുകയായിരുന്നു.
ഇതോടെ മറ്റൊരു മുശാവറ അംഗമായ ബഹാവുദ്ദീൻ നദ് വി ‘പ്രസിഡന്റ് പറഞ്ഞിട്ടും പുറത്തിറങ്ങാത്തത് എന്ന്താണെന്നു’ ചോദ്യം ചെയ്തു. ഇതേ തുടർന്ന് ഉമർഫൈസി മുക്കം് ‘നിങ്ങൾ കള്ളൻമാർ പറയുന്നതു പോലെ ചെയ്യാനില്ലെന്നു’ മറുപടി നൽകിയത്. ഇതോടെയാണ് ജിഫ്രി തങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
യോഗത്തിൽ നിന്ന് ഇറങ്ങിയതിനു ശേഷം മാധ്യമങ്ങളെ കണ്ടെങ്കിലും ഇതു സംബന്ധിച്ചു ജിഫ്രി തങ്ങൾ കാര്യമായ വിശദീകരണം നടത്തിയില്ല. പ്രശ്നങ്ങൾ രണ്ടാഴ്ചയ്ക്കു ശേഷം നടത്തുന്ന യോഗത്തിൽ പരിഹരിക്കും എന്നു മാത്രമാണു മറുപടി നൽകിയത്.