• അപകടം ഇന്നലെ രാവിലെ ഏഴരയോടെ
  • നിയന്ത്രണം വിട്ട കാര്‍ ആല്‍വിനെ ഇടിച്ചിട്ടു
  • സിസിടിവി ദൃശ്യങ്ങളും ഫോണും പരിശോധിച്ച് പൊലീസ്

കോഴിക്കോട് ബീച്ച് റോഡില്‍ വിഡിയോ ചിത്രീകരണത്തിനിടെ യുവാവിനെ ഇടിച്ചിട്ട് അപകടമുണ്ടാക്കിയ കാര്‍ ഏതെന്ന് വ്യക്തമാക്കാതെ പൊലീസ്. രണ്ടുകാര്‍ ഉപയോഗിച്ചായിരുന്നു വിഡിയോ ചിത്രീകരണം. മലപ്പുറം സ്വദേശി സാബിദ് കല്ലിങ്ങലിന്‍റെ കാറാണ് ഇടിച്ചതെന്ന് എഫ്ഐആറില്‍ പറയുമ്പോഴും കാര്‍ കണ്ടെത്താന്‍ ഇനിയും പരിശോധന വേണമെന്ന നിലപാടിലാണ് പൊലീസ്. സാബദിന്‍റെ സഹോദരന്‍റെ ബന്ധുവിന്‍റെ കാറാണോ ഇടിച്ചതെന്നാണ് മറ്റൊരു സംശയം. സിസിടിവിയും വിഡിയോ ചിത്രീകരിച്ച ഫോണും പരിശോധിച്ച ശേഷമേ ഇതില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു. അതേസമയം, ആല്‍വിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും. 

തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് ബീച്ച് റോഡില്‍ വച്ച് അപകടമുണ്ടായത്. സാബിദിന്‍റെയും സഹോദരന്‍റെ ബന്ധുവിന്‍റെ കാറും വച്ചാണ് പ്രമോഷന്‍ വിഡിയോ ചിത്രീകരിച്ചത്. വിഡിയോ ചിത്രീകരിക്കുന്നതിനായാണ് ആല്‍വിന്‍ എത്തിയത്. രണ്ട് വാഹനങ്ങളും ഓടുന്നതിന്‍റെ വിഡിയോ ചിത്രീകരണത്തിനിടെ വാഹനങ്ങളിലൊന്നിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് ആല്‍വിനെ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകള്‍. ആല്‍വിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ ജീവന്‍ നഷ്ടമായി. 

വൃക്കരോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക്്  മടങ്ങുന്നതിനിടെയാണ് കാറിന്‍റെ രൂപത്തില്‍ വടകര സ്വദേശി  ആല്‍വിനെ  മരണം തട്ടിയെടുത്തത്. നാട്ടുകാര്‍ സഹായകമ്മിറ്റി രൂപവല്‍കരിച്ചായിരുന്നു പുതിയ ജീവിതത്തിനായുള്ള  ചികില്‍സാ ധനാസഹായം കണ്ടെത്തിയത്. തുടര്‍ ചികില്‍സകള്‍ നടത്താനായി നാട്ടില്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിത ദുരന്തം.

ENGLISH SUMMARY:

Police yet to Identify car Involved in Accident during video shoot on Kozhikode Beach Road. Reports suggest that two cars were being used for the video shoot, raising questions about safety protocols during such activities.