TOPICS COVERED

കണ്ണൂർ ഗവൺമെന്റ് ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ അതിക്രൂരമായി മർദ്ദിച്ച എസ്എഫ്ഐ നടപടി ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. എസ്എഫ്ഐ ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രവും പ്രവർത്തകർ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളുമായിഅധപതിച്ചിരിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂർ സർവ്വകലാശാല യൂണിയൻ നാളെ മുതൽ സംഘടിപ്പിക്കാനിരുന്ന ലിറ്റ്‌റേച്ചർ ഫെസ്റ്റിവെൽ ബഹിഷ്കരിക്കാനും കെഎസ്‌യു തീരുമാനിച്ചു. ഏകാധിപത്യ അക്രമ രാഷ്ട്രീയത്തെ പിന്തുടരുന്ന ഒരു സംഘടനയുടെയും സംഘത്തിന്റെയും വേദികളിൽ പങ്കെടുക്കേണ്ടതില്ല എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ബഹിഷ്കരണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.

എസ്എഫ്ഐ ഉയർത്തുന്ന ഏക സംഘടനാ വാദം ജനാധിപത്യത്തിന് ഭൂഷണമല്ല. കെഎസ്‌യു പ്രവർത്തകരെ അതിക്രൂരമായി മർദ്ദിച്ച ശേഷം സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന മുദ്രാവാക്യം ഉയർത്തിയ എസ്എഫ്ഐ പ്രവർത്തകരുടെ സമീപനം പരിഹാസ്യമാണ്. വിഷയത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നാളെ ക്യാമ്പസ് തല പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി വ്യക്തമാക്കി.

കെഎസ്‌യുവിന്റെ പതാക അഴിച്ചുമാറ്റിയതിന് പിന്നാലെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റിന് നട്ടെല്ലിന് ഗുരുതര പരുക്കേറ്റു.  സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ഐ.ടി.ഐ എസ്.എഫ്.ഐയുടെ ആയുധപ്പുരയാണെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു.

ENGLISH SUMMARY:

KSU against SFI on Kannur ITI clash